Jul 4, 2021, 12:20 PM IST തിരുവനന്തപുരം കലാവേദിയുടെ ജൂനിയർ വിഭാഗമായി തിരുവനന്തപുരം ആർട്‌സ് അസോസിയേഷൻ ഉണ്ടാക്കി. ചിത്രകാരൻ ശങ്കരൻകുട്ടിയാണ് ലോഗോ വരച്ചത്. എസ്.എൽ. പുരത്തിന്റെ വിലകുറഞ്ഞ മനുഷ്യൻ എന്ന നാടകമാണ് ആദ്യം അവതരിപ്പിച്ചത്. # ശിവൻ/പ്രദീപ് പനങ്ങാട് [email protected] X ശിവന്‍ ശിവൻ എന്ന ഫോട്ടോഗ്രാഫറുടെ കണ്ണടഞ്ഞപ്പോൾ ഒരു വലിയ കാലവും അതിന്റെ തിരശ്ശീലയിലെ അനന്തമായ സംഭവപരമ്പരകളുമാണ് ഒപ്പം അണഞ്ഞത്. പലപല മേഖലകളിലെ പ്രതിഭകൾ സമ്മേളിച്ചിരുന്ന ഒരു സത്രമായിരുന്ന തിരുവനന്തപുരത്തെ ശിവൻസ് സ്റ്റുഡിയോ മലയാളിയുടെ സാംസ്‌കാരിക ചരിത്രത്തിലെ ഒരു അപൂർവകേന്ദ്രമാണ് എന്ന് ശിവനുമായുള്ള ഈ അപ്രകാശിത അഭിമുഖം വ്യക്തമാക്കുന്നു തിരുവനന്തപുരത്ത് പുളിമൂട്ടിലെ ശിവൻസ് സ്റ്റുഡിയോ ഒരു സൗഹൃദസത്രമായിരുന്നു. എഴുത്തുകാർ, പത്രപ്രവർത്തകർ, ചലച്ചിത്രകാരന്മാർ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർ അവിടെ കൂട്ടുകൂടിയിരുന്നു. സാഹിത്യചർച്ചകൾ, രാഷ്ട്രീയസംവാദങ്ങൾ തുടങ്ങിയവ അവിടെ അരങ്ങേറി. പല കലാസൃഷ്ടികൾക്കുമുള്ള സന്ദർഭങ്ങൾക്ക് സാക്ഷിയായി. ഹരിപ്പാട്ടുകാരൻ ശിവശങ്കരൻ നായർ എന്ന ശിവനായിരുന്നു അതിന്റെ കേന്ദ്രബിന്ദു. നഗരചരിത്രത്തിന്റെ ഭാഗമാണ് ആ സ്റ്റുഡിയോ. തിരുവനന്തപുരത്തെ ആദ്യത്തെ ന്യൂസ് ഫോട്ടോഗ്രാഫർ, നാടകപ്രവർത്തകൻ, ദേശീയ പുരസ്‌കാരം നേടിയ സംവിധായകൻ എന്നീ നിലകളിലെല്ലാം ശിവൻ പ്രവർത്തിച്ചു. ആ സ്റ്റുഡിയോമുറിയിലിരുന്ന് സ്വന്തം ജീവിതചരിത്രം ഒട്ടേറെത്തവണ എന്നോട് പറഞ്ഞിട്ടുണ്ട്. ഏതാനും വർഷംമുമ്പ് ഒരു ദീർഘസംഭാഷണത്തിന് തയ്യാറായി. പക്ഷേ, അത് അധികം മുന്നോട്ടുപോയില്ല. പലപ്പോഴും മാറ്റിവെച്ചു. ആ അപ്രകാശിത അഭിമുഖത്തിലെ ഏതാനും ഭാഗങ്ങളാണിത്. പതിറ്റാണ്ടുകളായി തിരുവനന്തപുരം നഗരത്തിന്റെ ഭാഗമാണല്ലോ താങ്കൾ, ഈ നഗരത്തിൽ ആദ്യം എത്തിയത് ഓർമയുണ്ടോ അഞ്ചാമത്തെ വയസ്സിലാണ് ആദ്യം ഇവിടെ എത്തുന്നത്. അമ്മ കൊട്ടാരത്തിലെ സംഗീതാധ്യാപികയായിരുന്നു. ഒരു വർഷം താമസിച്ചശേഷം ഹരിപ്പാട്ടേക്ക് തിരിച്ചുപോയി. അഞ്ചുവർഷം കഴിഞ്ഞാണ് പിന്നീടുവന്നത്. അപ്പോൾ താമസിച്ചത് ഗോൾഫ് ലിങ്‌സ് റോഡിൽ ആയിരുന്നു. മഹാരാജാവ് കുതിരപ്പുറത്തു പാഞ്ഞുപോകുന്നത് കാണാൻ കവടിയാറിൽ പോയിനിൽക്കും. പന്ത്രണ്ടാംവയസ്സിൽ, എന്റെ പിറന്നാളിനാണ് ആദ്യമായി കൊട്ടാരത്തിൽ പോകുന്നത്. അന്ന് പത്ത് സിൽക്ക് ഉടുപ്പിനുള്ള തുണി, കളിപ്പാട്ടങ്ങൾ, ഒരു ബക്കറ്റ് നിറയെ പഴങ്ങൾ ഇവയൊക്കെ തന്നു. കുറേക്കാലം കഴിഞ്ഞ് കൊട്ടാരത്തിലെ നിത്യസന്ദർശകനായി. അന്ന് തിരുവനന്തപുരത്തെ ഏറ്റവും വലിയ കാഴ്ച ജഡ്ക വണ്ടിയായിരുന്നു. മണിയൊച്ചയുണ്ടാക്കിക്കൊണ്ട് ജഡ്കകൾ പാഞ്ഞുപോകും. കോട്ടും വടിയുമൊക്കെയുള്ള പ്രൗഢരായ ആളുകൾ അതിൽ യാത്രചെയ്യും. വൈകീട്ട് ഇത്തരം ആളുകൾ കവടിയാറിലൂടെ നടക്കാനിറങ്ങും. അഞ്ചുമണിയാവുമ്പോഴേക്കും കുറെ കാക്കിവേഷധാരികൾ ഏണിയും തോളിലേറ്റി ഇറങ്ങും. തെരുവുവിളക്കുകളിൽ എണ്ണയൊഴിച്ച്്് അവർ കത്തിക്കും. ഈ കാഴ്ചകൾ കാണാനായി ഞാൻ റോഡിന്റെ വശത്തുപോയിനിൽക്കും. അന്ന് നഗരത്തിലൂടെ കറങ്ങിനടക്കുമായിരുന്നോ? ഞാൻ എസ്.എം.വി. സ്‌കൂളിലാണ് ഫോർത്ത് ഫോം മുതൽ പഠിച്ചത്. നഗരത്തിലൂടെ വിശാലമായി നടക്കാൻ തുടങ്ങിയത് അന്നുമുതലാണ്. പുളിമൂട് കടന്നാണ് പോകുന്നത്. അവിടെ വലിയൊരു പുളിമരമുണ്ട്. അങ്ങനെയാണ് അവിടം പുളിമൂട് ആയത്. ജഡ്ക വണ്ടികൾ നിർത്തിയിട്ടിരുന്നത് ഈ പുളിമൂട്ടിലാണ്. അതിനടുത്ത് ചിന്താമണി എന്നൊരു സ്ത്രീ താമസിച്ചിരുന്നു. ആജാനുബാഹു, ആരും ശ്രദ്ധിക്കുന്ന രൂപം. എല്ലാവർക്കും അവരെ അറിയാം. ജട്ക്കകളുടെ ഉടമസ്ഥ അവരായിരുന്നു. അതിന്റെ പോക്കും വരവും ആ സ്ത്രീയാണ് നിയന്ത്രിച്ചിരുന്നത്. പുളിമൂട്ടിലെ മറ്റൊരു ആകർഷണം രാഷ്ട്രീയ ഹോട്ടൽ ആയിരുന്നു. നഗരത്തിലെ എല്ലാ രാഷ്ട്രീയക്കാരും ചായകുടിക്കാൻ അവിടെയെത്തും. നഗരത്തിൽ എത്തുന്ന രാഷ്ട്രീയക്കാരും വരും. കെ.സി. പിള്ളയുടെ ട്രിവാൻഡ്രം ഹോട്ടലും രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരുടെ കൂടിച്ചേരൽ ഇടമായിരുന്നു. തൊട്ടടുത്ത് സേവ്യേഴ്സും ഉണ്ടായിരുന്നു. കുറച്ചുകൂടി മാറി ഗജമുഖ വിലാസം ബ്രാഹ്മിൻ ഹോട്ടലും പ്രവർത്തിച്ചിരുന്നു. നന്നെ ചെറുപ്പത്തിലേ ഇതൊക്കെ കണ്ടറിഞ്ഞിരുന്നു. ചെറുപ്പത്തിൽ തിരുവനന്തപുരം നാടകവേദിയിൽ സജീവമായിരുന്നു എന്നു കേട്ടിട്ടുണ്ട്. ആ കാലം ഓർമിക്കുന്നുണ്ടോ? ചെറുപ്പത്തിൽ ഹരിപ്പാട്ട് വെച്ചുതന്നെ നാടകങ്ങൾ കണ്ടിരുന്നു. വൈക്കം വാസുദേവൻ നായർ, പാപ്പുക്കുട്ടി ഭാഗവതർ, മലബാർ ഗോപാലൻ നായർ, ഹരിപ്പാട് രാമൻകുട്ടി നായർ എന്നിവരൊക്കെ ആ നാടകങ്ങളിൽ പങ്കെടുത്തിരുന്നു. യാചകി നാടകം കണ്ടത് ഇപ്പോഴും ഓർമയുണ്ട്. തങ്കം വാസുദേവൻ നായരാണ് യാചകിയായി അഭിനയിച്ചത്. അവരുടെ ഭിക്ഷാപാത്രത്തിൽ ഞാൻ പത്തുരൂപ ഇട്ടുകൊടുത്തതും ഓർമിക്കുന്നു. എസ്.എം.വി. സ്‌കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ നാടകത്തിൽ പങ്കെടുത്തുതുടങ്ങിയത്. ടി.എൻ. ഗോപിനാഥൻ നായരുടെ പൂക്കാരിയിൽ അന്ധന്റെ വേഷം അവതരിപ്പിച്ചു. സി.ഐ. പരമേശ്വരൻ പിള്ള, കൈനിക്കര പദ്മനാഭപിള്ള തുടങ്ങിയവർ വിധികർത്താക്കളായി ഉണ്ടായിരുന്നു. ഞങ്ങൾക്ക് സമ്മാനം കിട്ടി. അതോടെയാണ് നാടകത്തിൽ താത്‌പര്യം തുടങ്ങിയത്. നാടകത്തിൽ സജീവമായി തുടങ്ങിയത് എപ്പോഴാണ്? തിരുവനന്തപുരം കലാവേദിയുടെ ജൂനിയർ വിഭാഗമായി തിരുവനന്തപുരം ആർട്‌സ് അസോസിയേഷൻ ഉണ്ടാക്കി. ചിത്രകാരൻ ശങ്കരൻകുട്ടിയാണ് ലോഗോ വരച്ചത്. എസ്.എൽ. പുരത്തിന്റെ വിലകുറഞ്ഞ മനുഷ്യൻ എന്ന നാടകമാണ് ആദ്യം അവതരിപ്പിച്ചത്. സി.എൻ. ശ്രീകണ്ഠൻ നായരും സംഘവും കോട്ടയത്ത് സംഘടിപ്പിച്ച അഖിലകേരള നാടകമത്സരത്തിൽ ഈ നാടകം അവതരിപ്പിച്ച് സമ്മാനങ്ങൾ നേടി. ഈ അവതരണം കണ്ടിട്ട് കേന്ദ്രസർക്കാരിന്റെ സോങ് ആൻഡ് ഡ്രാമ വിഭാഗത്തിന്റെ ക്ഷണംകിട്ടി. ഓം ചേരിയുടെ ഇത് നമ്മുടെ നാടാണ് എന്ന നാടകം അവർക്കുവേണ്ടി കേരളം മുഴുവൻ അവതരിപ്പിച്ചു. ആറന്മുള പൊന്നമ്മ, സി.എസ്. രാധാദേവി രാജകുമാരി എന്നിവരൊക്ക ഈ നാടകത്തിൽ അഭിനയിച്ചിരുന്നു. വീരരാഘവൻ നായർ, പി. ഗംഗാധരൻ നായർ എന്നിവരൊക്ക ഞങ്ങളോട് സഹകരിച്ചിരുന്നു. ഈ നാടകസംഘത്തിലെ താങ്കളുടെ റോൾ എന്തായിരുന്നു? നാടകങ്ങൾ സംവിധാനംചെയ്യും പാട്ടുകൾ പാടും അവതരണഗാനം ഞാൻ തന്നെ പാടും നാടകം തുടങ്ങാൻ വൈകിയാൽ എന്റെ പാട്ടുണ്ടാവും. എന്റെ പാട്ട് ഒരു പ്രധാന ഇനമായിരുന്നു. കേരളമെമ്പാടും നാടകവുമായി സഞ്ചരിച്ചു. സ്റ്റുഡിയോ തുടങ്ങിയതോടെ നാടകം നിർത്തി. ശിവൻസ് സ്റ്റുഡിയോ തുടങ്ങാനുള്ള സാഹചര്യം എന്തായിരുന്നു? ഫോട്ടോഗ്രഫിയിൽ താത്‌പര്യം തുടങ്ങിയ കാലംമുതൽതന്നെ ഓടിനടന്ന് പടമെടുക്കുകയായിരുന്നു ചെയ്തത്. ഇന്ത്യ മുഴുവൻ ക്യാമറയുമായി സഞ്ചരിച്ചു. ജവാഹർലാൽ നെഹ്രു, ജയപ്രകാശ് നാരായണൻ, ഇന്ദിരാഗാന്ധി തുടങ്ങി ഒട്ടേറെ ദേശീയനേതാക്കളുടെ പരിപാടികൾ കവർചെയ്തു. കവടിയാർകൊട്ടാരത്തിന്റെ ഓഫീഷ്യൽ ഫോട്ടോഗ്രാഫർ ആയിരുന്നു. സർക്കാരിനുവേണ്ടി എത്രയോ പടങ്ങൾ എടുത്തു. അപ്പോഴാണ് സ്വസ്ഥമായിരുന്ന് പടമെടുക്കണമെന്ന് ആഗ്രഹിച്ചത്. അങ്ങനെയാണ് സ്റ്റുഡിയോ തുടങ്ങിയത്. എന്റെ ചില പടങ്ങൾ കണ്ടിട്ട് ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ഫോട്ടോഗ്രാഫർ ജി.കെ. വേലു എന്നെ മദിരാശിയിലേക്ക് വിളിച്ചു. ഞാൻ പോയില്ല. സ്റ്റുഡിയോ തുടങ്ങാനുള്ള എല്ലാ സഹായവും വാഗ്ദാനംചെയ്തു. ഇപ്പോൾ സ്റ്റുഡിയോ പ്രവർത്തിക്കുന്ന സ്ഥലം ഒരു ലോഡ്ജായിരുന്നു. അവിടെ ഒരു മുറിയിലാണ് സ്റ്റുഡിയോ തുടങ്ങിയത്. 1959 സെപ്റ്റംബർ രണ്ടിന് അന്ന് മന്ത്രിയായിരുന്ന കെ.എ. ദാമോദരമേനോനാണ് ഉദ്‌ഘാടനം ചെയ്തത്. അന്ന് പതിനഞ്ചു രൂപയായിരുന്നു വാടക. എത്രയോ കാലം കഴിഞ്ഞ് ആ സ്ഥലം മുഴുവൻ എന്റെ സ്വന്തമായി. ശിവൻസ് സ്റ്റുഡിയോ ഒരു സൗഹൃദകേന്ദ്രമായിരുന്നു എന്നു കേട്ടിട്ടുണ്ട് വിവിധതലങ്ങളിലുള്ളവർ ഇവിടെ കൂടിയിരുന്നു. കെ.പി. കേശവമേനോൻ, വി.എം. നായർ, മാധവിക്കുട്ടി എന്നിവരൊക്ക സ്റ്റുഡിയോയിൽ വന്നിട്ടുണ്ട്. വർഗീസ് കളത്തിൽ, കാമ്പിശ്ശേരി കരുണാകരൻ, തെങ്ങമം ബാലകൃഷ്ണൻ, ചൊവ്വര പരമേശ്വരൻ തുടങ്ങിയ പത്രപ്രവർത്തരുടെ തിരുവനന്തപുരത്തെ താവളം സ്റ്റുഡിയോ ആയിരുന്നു. തകഴി, ബഷീർ, ദേവ് ഇവരുടെയൊക്കെ സങ്കേതം ഇവിടെത്തന്നെ. രാമു കാര്യാട്ട്, കെ.എസ്. സേതുമാധവൻ എന്നിവരൊക്ക സ്ഥിരം അംഗങ്ങളായിരുന്നു. നടൻ സത്യൻ ഒഴിവുസമയങ്ങൾ ചെലവഴിച്ചത് ഇവിടെയാണ്. മദ്രാസിലേക്ക് പോകുന്നത് ഇവിടെവന്നിട്ടാണ്. ഞാനും എയർപോർട്ട് വരെ പോകും. വൈകുന്നേരങ്ങളിൽ വലിയ സദസ്സുണ്ടാവും. രാത്രിയാകുമ്പോൾ ബഷീറിനും തകഴിക്കുമൊക്കെ സേവിയേഴ്സിൽ മുറിയെടുത്തുകൊടുക്കും. പിന്നീട് അവരുടെ മേളങ്ങൾ അവിടെയായിരുന്നു. പദ്മരാജൻ ചലച്ചിത്രപ്രവർത്തനങ്ങൾ തുടങ്ങുംമുമ്പേ ഇവിടെ വരുമായിരുന്നു. അദ്ദേഹത്തിന്റെ മൂത്തചേട്ടൻ ഡോക്ടർ പദ്‌മജൻ എന്റെ സുഹൃത്തായിരുന്നു. പദ്മരാജനെക്കൊണ്ട് ആദ്യ തിരക്കഥ എഴുതിച്ചത് ഞാനാണ്. എം. സുകുമാരന്റെ ഇനിയുറങ്ങാം എന്ന കഥ എനിക്കുവേണ്ടി തിരക്കഥയാക്കി. പണ്ഡിറ്റ് രവിശങ്കറും ബാസു ഭട്ടാചാര്യയും ഇവിടെ വന്നിട്ടുണ്ട്. ഇവിടെവരുന്ന എല്ലാ രാഷ്ട്രീയക്കാർക്കും സ്റ്റുഡിയോ ഇടത്താവളമായിരുന്നു. സി. അച്യുതമേനോനുമായി വലിയ അടുപ്പമുണ്ടായിരുന്നല്ലോ വി.കെ. കൃഷ്ണമേനോൻ തിരുവനന്തപുരത്ത് വന്നപ്പോ