പ്രത്യേക ലേഖകന്‍ July 17, 2021, 5:31 am ഭരണാധികാരികള്‍ രാജാക്കന്മാരല്ല, വിളിച്ചുപറയാനൊരു സ്ത്രീശബ്ദം രാജാവ് നഗ്നനാണെന്നു വിളിച്ചുപറഞ്ഞ പഴയ കുട്ടിയെപ്പോലെ, പുതിയ കാലത്തും സ്വേച്ഛാധിപതികള്‍ക്കെതിരെ ഭയമില്ലാതെ മുന്നോട്ടുവരാന്‍ ചിലരുണ്ടാകും. അത്തരമൊരു ശബ്ദമാണ് അഹമ്മദാബാദിലെ പംക്തി ജോഗ് എന്ന നാല്‍പ്പത്തിനാലുകാരിയില്‍ നിന്നുയര്‍ന്നുകേട്ടത്. നാം ജീവിക്കുന്നത് ഏകാധിപതികളുടെയോ നാടുവാഴികളുടെയോ തിട്ടൂരങ്ങളനുസരിച്ച് പ്രജകള്‍ അടിമകളെപ്പോലെ കഴിയേണ്ട കാലത്തല്ലെന്നും മറിച്ച് ജനാധിപത്യരാജ്യത്താണെന്നും ഓര്‍മ്മിപ്പിക്കുന്ന വാക്കുകളായിരുന്നു അവരുടേത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗുജറാത്തിലെ അഹമ്മദാബാദില്‍ വേജാല്‍പൂര്‍ പൊലീസ് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളാണ് വിവാദവിഷയം. പ്രദേശത്തെ മൂന്നൂറോളം വീടുകളില്‍ താമസിക്കുന്നവര്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് അവരുടെ വീടുകളിലെ വാതിലുകളും ജനലുകളും അടച്ചിടണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. ആഭ്യന്തരമന്ത്രി ഒരു കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി ഇവിടെ എത്തുന്നുവെന്നും അദ്ദേഹം ഇസഡ് സുരക്ഷാവിഭാഗത്തില്‍പെട്ട വ്യക്തിയായതിനാല്‍ ജൂലൈ 11ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ എല്ലാ വീടുകളുടെയും വാതിലുകളും ജനലുകളും അടച്ചിടണമെന്നുമായിരുന്നു ഇന്‍സ്പെക്ടറുടെ അറിയിപ്പ്. സ്വാമി നാരായണ്‍ പാര്‍ക്ക്, സ്വാതി തുടങ്ങിയ പേരുകളിലുള്ള അഞ്ച് ഭവന സമുച്ചയങ്ങള്‍ക്കാണ് പൊലീസ് നോട്ടീസ് നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ പരിപാടികള്‍ക്കായാണ് അഹമ്മദാബാദിലെത്തിയത്. ഞായറാഴ്ച വേജാല്‍പൂരില്‍ നിരവധി പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഡിസംബര്‍ മാസമാണ് നടക്കാനിരിക്കുന്നത്. ഇതിന് മുന്നോടിയായായിരുന്നു പദ്ധതികളുടെ ഉദ്ഘാടനം. തിങ്കളാഴ്ച ജഗന്നാഥക്ഷേത്രത്തിലെ മംഗള ആരതിയിലും ആഭ്യന്തരമന്ത്രി പങ്കെടുത്തു. പൊലീസിന്റെ വിചിത്രമായ അറിയിപ്പ് കിട്ടിയപ്പോള്‍ മറുചോദ്യങ്ങളില്ലാതെ അനുസരിക്കാനായിരുന്നു ഒരാളൊഴിച്ച് എല്ലാവരുടെയും തീരുമാനം. നാല്‍പ്പത്തിനാലുകാരിയായ പംക്തിക്ക് മാത്രം മിണ്ടാതിരിക്കാനായില്ല. ചെറുപ്പകാലം മുതല്‍ക്ക് ആസ്തമ ബുദ്ധിമുട്ടിക്കുന്ന അവര്‍ക്ക് വാതിലുകളും ജനലുകളും പൂട്ടിയിട്ട് ശുദ്ധവായു നിഷേധിക്കപ്പെടുന്ന അവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. ഇതോടെയാണ് “നാം ജീവിക്കുന്നത് ജനാധിപത്യരാജ്യത്താണോ, അതോ നമ്മുടെ മന്ത്രിമാര്‍ ഇപ്പോഴും പഴയതുപോലുള്ള രാജാക്കന്മാരാണോ” എന്ന് അന്വേഷിച്ചുകൊണ്ട് പംക്തി വേജാല്‍പൂര്‍ പൊലീസ് സ്റ്റേഷനിലേക്കെത്തിയത്. വിവരാവകാശ പ്രവര്‍ത്തക കൂടിയായ പംക്തി ഷാഹിബാഗ് പൊലീസ് കമ്മിഷണര്‍ക്ക് ഇത് സംബന്ധിച്ച് ഇ മെയില്‍ അയച്ചു. തുടര്‍ന്ന് പംക്തി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു, ഒരു രാഷ്ട്രീയനേതാവ് അതുവഴിയെത്തുമ്പോള്‍ വാതിലുകളും ജനലുകളും അടച്ചിടണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചപ്പോള്‍ എല്ലാവരും അതംഗീകരിച്ചു. എന്നാല്‍ ഇസഡ് പ്ലസ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ അത്തരമൊരു നിയമമേ ഇല്ല. പൊലീസ് എന്തെങ്കിലും ആധികാരികമെന്ന നിലയില്‍ പറയുകയും അത് നാം വിശ്വസിക്കുകയും ചെയ്യുന്നു. തങ്ങള്‍ അഭ്യര്‍ത്ഥിക്കുക മാത്രമായിരുന്നുവെന്നും ഉത്തരവിട്ടതല്ലെന്നും വേജാല്‍പൂര്‍ പൊലീസ് പറയുന്നു. രണ്ട് മണിക്കൂര്‍ നേരത്തേക്ക് ജനാലകള്‍ അടച്ചിടുന്നതല്ല, ഒരാള്‍ തന്റെ സ്വന്തം വീട്ടില്‍ എങ്ങനെ കഴിയണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നതാണ് യഥാര്‍ത്ഥപ്രശ്നം. ‘ഇന്ന് ജനാലകള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ പറയുന്നു, നാളെ എന്താണ് ഞാന്‍ കഴിക്കേണ്ടതെന്നും എവിടെയാണ് പോകേണ്ടതെന്നും അവര്‍ നിര്‍ദ്ദേശിക്കും’. പംക്തി അഭിപ്രായപ്പെട്ടു. എംപിയും എംഎല്‍എയും മന്ത്രിയുമൊന്നും ദൈവങ്ങളല്ല, പുരാണങ്ങളില്‍ നാം വായിച്ചതുപോലെയുള്ള പത്ത് തലയുള്ള അസുരന്‍മാരുമല്ല. അവരെ ഭയക്കുകയോ അവര്‍ക്ക് കീഴ്പ്പെട്ട് നില്‍ക്കുകയോ ചെയ്യേണ്ടതില്ല. നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണവര്‍” പംക്തി അഭിപ്രായപ്പെട്ടു. ഭരണകൂടത്തിന്റെ നിയമങ്ങളെക്കാള്‍, രാഷ്ട്രീയപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദങ്ങളെക്കാള്‍, കൂടുതല്‍ പേടിപ്പിക്കുന്നത് നമ്മള്‍ വിനീതവിധേയരായി നില്‍ക്കുകയും ചോദ്യങ്ങളുന്നയിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആശുപത്രിയില്‍ തക്കസമയത്ത് എത്താന്‍ കഴിയാതെ ഒരു സ്ത്രീ മരിച്ച സംഭവം ആഴ്ചകള്‍ക്ക് മുമ്പ് കാണ്‍പൂരില്‍ നടന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഒന്നോ രണ്ടോ അല്ല നടന്നിട്ടുള്ളത്. ജനങ്ങള്‍ക്ക് സൗകര്യങ്ങളൊരുക്കുകയാണ് രാഷ്ട്രീയനേതാക്കളുടെയും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും കടമ. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് അവര്‍ ശ്രമിക്കേണ്ടത്. അല്ലാതെ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിനല്ല. രാഷ്ട്രീയ നേതാക്കള്‍ക്ക് പൊതുസ്ഥലങ്ങളില്‍ സുരക്ഷയില്ലെന്ന് തോന്നുന്നുവെങ്കില്‍ അത്യാവശ്യമല്ലാത്ത നിരന്തരമായ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്. ഒരു കമ്മ്യൂണിറ്റി ഹാള്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തില്ലെങ്കിലും പ്രവര്‍ത്തനം തുടങ്ങുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലല്ലോ. പുറകിലേക്ക് മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ