comparemela.com


Jul 10, 2021, 07:00 AM IST
ഇലക്‌ട്രോണിക്സ്‌, ഐ.ടി., നൈപുണി വികസനം എന്നീ മന്ത്രാലയങ്ങളുടെ ചുമതലയേറ്റശേഷം ഡൽഹിയിൽവെച്ച്‌ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ മാതൃഭൂമി പ്രതിനിധി മനോജ് മേനോന് അനുവദിച്ച അഭിമുഖത്തിൽനിന്ന്‌..
X
രാജീവ്‌ ചന്ദ്രശേഖർ 
വേനലവധിക്കാലത്ത് കൊണ്ടയൂരിലെ ആകാശത്ത് പൈലറ്റ് ചന്ദ്രു പറത്തുന്ന ഡെക്കോട്ട വിമാനമെത്തുമ്പോള്‍ താഴെ ഭാരതപ്പുഴയുടെ തീരത്ത് നാട്ടുകാര്‍ കൂട്ടം കൂടും.അച്ഛന്‍ പറത്തുന്ന വിമാനം കാണാന്‍ അഞ്ച് വയസ്സുകാരന്‍ രാജീവും ആ ആള്‍ക്കൂട്ടത്തിലുണ്ടാകുമായിരുന്നു.കൊച്ചിയിലിറങ്ങാന്‍ താണുപറക്കുന്ന വിമാനം അങ്ങനെ ആഹ്ലാദക്കാഴ്ചയാകും.വ്യോമസേനയിലെ എയര്‍ കമഡോറായിരുന്ന അച്ഛന്‍ എം.കെ.ചന്ദ്രശേഖര്‍ എന്ന പൈലറ്റ് ചന്ദ്രുവിന്റെ പറക്കലുകളും ഭാരതപ്പുഴയും കൊടപ്പാറ ക്ഷേത്രവും തൃശൂര്‍-കൊണ്ടയൂര്‍ റൂട്ടിലോടിയിരുന്ന ജി.ടി.എസ് ബസും തൃശൂര്‍ സെന്റ് പോള്‍സ് സ്‌കൂളിലെ പഠനവും രാജീവ് ചന്ദ്രശേഖര്‍ എന്ന പുതിയ കേന്ദ്രമന്ത്രിയുടെ മനസ്സില്‍ കേരളം പുന:സൃഷ്ടിക്കുന്നു.ഡല്‍ഹിയിലെ സി.ജി.ഒ കോംപ്ലക്‌സിലുള്ള മന്ത്രാലയത്തിലിരുന്ന് മാതൃഭൂമിയോട് സംസാരിക്കുമ്പോഴും നിറയെ മലയാളം പുരണ്ട ഈ ഓര്‍മകളുണ്ട്.
-കൊണ്ടയൂരില്‍ നിന്ന് തുടങ്ങാം.എന്തൊക്കെയാണ് മന്ത്രിയുടെ മനസ്സില്‍ മറക്കാതെ നില്‍ക്കുന്ന കൊണ്ടയൂര്‍ ഓര്‍മകള്‍ ?
ഒത്തിരി ഓര്‍മകളുണ്ട്.എന്റെ നാടല്ലേ.അവിടെയാണ് ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ വളര്‍ന്നത്.എന്റെ അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ ഓര്‍മകളില്‍ നിറയുന്നു.ചെറിയ ഒരു ഗ്രാമം.ഭാരതപ്പുഴ.അതെല്ലാം പഴയ കേരളത്തിന്റെ ഓര്‍മകളാണ്.ഇപ്പോള്‍ ഭാരതപ്പുഴയില്‍ വെള്ളമില്ല.ഞങ്ങളുട തറവാടിപ്പോഴും കൊണ്ടയൂരില്‍ ഉണ്ട്.ഇടക്കിടെ ഞാന്‍ അവിടെ പോകാറുണ്ട്.അമ്മ എല്ലാ വര്‍ഷവും പോകും.സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്.കൊടപ്പാറ ഭഗവതി ക്ഷേത്രമുണ്ട്.പണ്ട് വേനലവധിക്ക് ഞങ്ങള്‍ അവിടെയെത്തുമ്പോള്‍, എന്റെ അച്ഛന്‍ ഡെക്കോട്ട പറത്തി അതിന് മുകളിലൂടെ പോകുന്നത് കാണും.താണു പറന്നാണ് പോവുക.പൈലറ്റ് ചന്ദ്രുവെന്നാണ് നാട്ടില്‍ അച്ഛന്‍ അറിയപ്പെട്ടിരുന്നത്.ഡെക്കോട്ട കാണുമ്പോള്‍ എല്ലാവരും പൈലറ്റ് ചന്ദ്രു വരുന്നുണ്ട് എന്ന് പറയും.എല്ലാവരും ആകാശത്തേക്ക് നോക്കി നില്‍ക്കും.അച്ഛന്റെ ഓര്‍മക്കാണ് ഞാന്‍ ഡെക്കോട്ട വിമാനം യു.കെ.യില്‍ നിന്ന് വാങ്ങി ഇന്ത്യന്‍ വ്യോമസേനക്ക് നല്‍കിയത്.
-മലയാളം പഠിച്ചിട്ടുണ്ടോ ?
തൃശൂര്‍ കുരിയാച്ചിറ സെന്റ് പോള്‍സ് സ്‌കൂളിലാണ് ഒന്നര വര്‍ഷം പഠിച്ചത്.പഠനം തുടങ്ങിയത് ഈ ബോര്‍ഡിംഗ് സ്‌കൂളിലായിരുന്നു.മലയാളം എനിക്ക് നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാം.പ്രസംഗിക്കുമ്പോള്‍ ,ശീലമില്ലാത്തതിനാല്‍ കുറച്ച് തടസ്സങ്ങളുണ്ടാകുമെന്ന് മാത്രം. കുട്ടിയായിരിക്കുമ്പോള്‍ മലയാളം പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അമ്മൂമ്മയാണ് മലയാളം പഠിക്കാന്‍ നിര്‍ബന്ധിച്ചത്. നാട്ടിലെത്തുമ്പോള്‍ ബസിന്റെ പേര് വായിക്കാന്‍ കഴിയണമെന്നായിരുന്നു അമ്മൂമ്മ പറഞ്ഞിരുന്നത്. തൃശൂരില്‍ നിന്ന് കൊണ്ടയൂരിലേക്ക് ഒരു ബസ്സാണ് അന്ന് ഉണ്ടായിരുന്നത്. ജി.ടി.എസ് എന്ന പ്രൈവറ്റ് ബസ്. തൃശൂര്‍-കൊണ്ടയൂര്‍ വഴി (വയ) ആറങ്ങോട്ടുകര എന്ന് ബസില്‍ എഴുതി വച്ചിട്ടുണ്ടാകും. അതെല്ലാം എന്റെ ഓര്‍മയിലുണ്ട്.സെന്റ് പോള്‍സ് സ്‌കൂളിലെ ഗ്രൂപ്പ ഫോട്ടോ എന്റെ കയ്യില്‍ ഇപ്പോഴുമുണ്ട്.അച്ഛന്‍ വ്യോമസേനയിലായിരുന്നതിനാല്‍ അടിക്കടി സ്ഥലം മാറ്റങ്ങളുണ്ടാകും.പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ ഞാന്‍ പത്ത് സ്‌കൂളുകളില്‍ പഠിച്ചു.പത്ത് വീടുകള്‍ മാറി.എല്ലാവര്‍ക്കും സ്‌കൂളുകളില്‍ ബാല്യകാല സുഹൃത്തുക്കളുണ്ടാകും.എന്നാല്‍,എനിക്ക് എന്റെ ബാല്യകാല സുഹൃത്തുക്കളെ ഓര്‍ത്തെടുക്കാന്‍ തന്നെ പ്രയാസം.കാരണം എല്ലാ വര്‍ഷവും ഞാന്‍ ഒരു സ്‌കൂള്‍ വിട്ട് അടുത്ത സ്‌കൂളിലേക്ക് പോകുമായിരുന്നു.
-കംപ്യൂട്ടര്‍ ടെക്‌നോക്രാറ്റില്‍ നിന്നാണ് താങ്കളുടെ തുടക്കം.അതും ഇന്റലില്‍.അവിടെ നിന്ന് മന്ത്രിപദം വരെയുള്ള യാത്രയെ എങ്ങനെ കാണുന്നു ?
അമേരിക്കയില്‍ ഞാന്‍ കംപ്യൂട്ടര്‍ പഠനത്തിനായാണ് പോയത്.കഠിനാധ്വാനം  ലോകത്തിലെ ഏറ്റവും വലിയ കംപ്യൂട്ടര്‍ കമ്പനിയായ ഇന്റലില്‍ ജോലി കിട്ടാന്‍ എന്നെ സഹായിച്ചു.അവിടെ ഞാന്‍ ഒരു ടെക്‌നോളജി എഞ്ചിനീയറായിരുന്നു.പെന്റിയം ചിപ് രൂപകല്‍പന ചെയ്യുന്ന ടീമില്‍ അംഗമായിരുന്നു.1991 ല്‍ ഒരു അവധിക്കാലത്ത് ഞാന്‍ നാട്ടില്‍ വന്നതാണ് ജീവിതത്തിലുണ്ടായ ഒരു വഴിത്തിരിവ്.അന്നത്തെ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റ് വ്യോമസേനയില്‍ അച്ഛന്റെ വിദ്യാര്‍ഥിയായിരുന്നു.അദ്ദേഹം അച്ഛനെ കാണാന്‍ വന്നു.ഇത്രയും കഴിവുള്ള യുവാക്കള്‍ എന്തിനാണ് അമേരിക്കയില്‍ ജോലിയെടുക്കുന്നത്,ഇവര്‍ക്ക് ഇന്ത്യയില്‍ ജോലി ചെയ്തു കൂടെയെന്ന് രാജേഷ് പൈലറ്റ് അച്ഛനോട് ചോദിച്ചു.അത് ഞാന്‍ വെല്ലുവിളിയായി സ്വീകരിച്ചു.രണ്ട് വര്‍ഷം ഇന്റലില്‍ തന്നെ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ അവസരം നേടിയെടുത്തു.അതാണ് സെല്ലുലാര്‍ ഫോണിലേക്കും മൊബൈല്‍ ഫോണിലേക്കും തിരിയാന്‍ ഇടയാക്കിയത്.അതിന് പിന്നില്‍ ഒരു കഥയുണ്ട്.അന്നെനിക്ക് അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡുണ്ടായിരുന്നു.അതു പുതുക്കുന്നതിനായി ഡല്‍ഹിയിലെ യു.എസ്.എംബസിയുമായി അടിയന്തരമായി ബന്ധപ്പെടേണ്ട ആവശ്യം വന്നു.ലൈറ്റ്‌നിംഗ് കാള്‍ ബൂക്ക് ചെയ്ത് ഒരു ഹോട്ടലിന്റെ റിസപ്ഷനില്‍ രണ്ടര മണിക്കൂര്‍ ഞാന്‍ കാത്തിരിക്കേണ്ടി വന്നു.മഴക്കാലമായിരുന്നു.ഒടുവില്‍ ഫോണ്‍ കിട്ടിയപ്പോള്‍ അലറി വിളിച്ചാണ് കാര്യം പറഞ്ഞത്.ഈ സംഭവം  മനസ്സില്‍ ഒരാശയത്തിന് വിത്തിട്ടു.സെല്ലുലാര്‍,മൊബൈല്‍ ഫോണുകള്‍ക്ക് ഇന്ത്യയില്‍ വന്‍ സാധ്യതയുണ്ട്.പക്ഷെ ഈ ആശയം പങ്ക് വച്ചപ്പോള്‍ പലരും പരാജയപ്പെടുമെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.എന്നാല്‍ ഞാന്‍ പിന്‍വാങ്ങിയില്ല.1994 ല്‍ ബി.പി.എല്‍ മൊബൈല്‍ തുടങ്ങി.ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ സേവന ദാതാവായി.സംരംഭം വിജയിച്ചതോടെ ഞാന്‍ ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ചു.വളര്‍ന്നു വികസിച്ച കമ്പനി 2004 ല്‍ എസ്സാര്‍ ഹാച്ചിസണിന് വിറ്റു.
-രാജ്യസഭാ അംഗമായാണ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം.ഒരു വ്യവസായിയുടെ രാഷ്ട്രീയ പ്രവേശനം എന്ന നിലയിലാണ് അതിനെ എല്ലാവരും കണ്ടത്.അതെങ്ങനെയായിരുന്നു ?
ഒരിക്കല്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ,ഇന്നത്തെ കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പ എന്നിവരുമായി ഞാന്‍ കൂടിക്കാഴ്ച നടത്തി.വെവ്വേറെയാണ് കണ്ടത്.മൊബൈല്‍ ബിസിനസ് അവസാനിപ്പിച്ച കാലമായിരുന്നു അത്.സംസാരത്തിനിടയില്‍ ദേവഗൗഡ,നിങ്ങള്‍ എന്തു കൊണ്ടാണ് രാഷ്ട്രീയത്തില്‍ ചേരാത്തതെന്ന് എന്നോട് ചോദിച്ചു.ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല എന്നായിരുന്നു എന്റെ മറുപടി.അന്ന് വൈകിട്ട് യദിയൂരപ്പയെ കണ്ടപ്പോഴും സംഭാഷണത്തില്‍ രാഷ്ട്രീയ പ്രവേശനം പരാമര്‍ശ വിഷയമായി.ബിസിനസ് കഴിഞ്ഞ സ്ഥിതിക്ക് പൊതുജനസേവനരംഗത്തിറങ്ങണമെന്നായി യദിയൂരപ്പ.അന്നെനിക്ക് 40 വയസ്സ്.എന്റെ സംരഭകത്വ ജീവിതത്തിന്റെ മൂര്‍ധന്യകാലമായിരുന്നു അത്.ജനസേവനം എന്ന ആഗ്രഹം എന്റെ ഉള്ളില്‍ ഉയര്‍ന്നു.2006 ല്‍ രാജ്യസഭാംഗമായി.ജനതാദളിന്റെയും ബി.ജെ.പിയുടെയും സംയുക്തപ്രതിനിധിയായാണ് ഞാന്‍ രാജ്യസഭയിലെത്തിയത്.അങ്ങനെ 15 വര്‍ഷമായി രാജ്യസഭാംഗമാണ്.ഈ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാന്‍ ഞാന്‍ വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്.രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നല്ല ഞാന്‍ വരുന്നത്.ഇപ്പോള്‍ കിട്ടിയ മന്ത്രിപദവി ഒരു അംഗീകാരമായി ഞാന്‍ കരുതുന്നു.
-പ്രവര്‍ത്തന പരിചയമുള്ള മേഖലയിലാണ് താങ്കള്‍ മന്ത്രിയായിരിക്കുന്നത്.എന്തായിരിക്കും ഫോക്കസ് ?
രാജ്യത്തെ യുവാക്കളുടെ വളര്‍ച്ചയാണ് പ്രധാനമന്ത്രിയുടെ വീക്ഷണങ്ങളുടെ കേന്ദ്രം.ചെറുപ്പക്കാര്‍ക്ക് മെച്ചപ്പെട്ട ഭാവിയുണ്ടാക്കണം.അതിന് ഐ.ടിയും നൈപുണ്യ വികസനമന്ത്രാലയവും വളരെ പ്രധാനപ്പെട്ടവയാണ്.ഞാനും എപ്പോഴും യുവാക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.നാലഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ യുവാക്കള്‍ക്ക് അവസരങ്ങളുടെ രാജ്യമാകണമെന്നതാണ് എന്റെ നിലപാട്.ഇവിടെ തന്നെ മെച്ചപ്പെട്ട തൊഴില്‍ ലഭ്യമാക്കണം.ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങളില്ലാത്തതിനാല്‍ വിദേശത്ത് തൊഴില്‍ തേടി പോകേണ്ട അവസ്ഥ ഒഴിവാക്കാന്‍ കഴിയണം.അത്തരത്തില്‍ ഒരു സാമ്പത്തിക മാതൃക നിര്‍മിച്ചാല്‍,നമ്മുടെ യുവാക്കള്‍ക്ക് പുരോഗമിക്കാന്‍ അവസരം ലഭിക്കും.അത് പുതിയ ഇന്ത്യക്ക് വഴിയൊരുക്കും.
-കോവിഡാണല്ലോ ഇപ്പോള്‍ ലോകത്തിന്റെ വെല്ലുവിളി.ഉള്ളവനും ഇല്ലാത്തവനും എന്ന വിഭജനത്തെ കോവിഡ് വിപുലീകരിച്ചിരിക്കുന്നു.കമ്യൂണിക്കേഷന്‍ രംഗത്താണ് സ്ഥിതി ഗുരുതരം.ഡിജിറ്റല്‍ സാങ്കേതിക സൗകര്യം ഉള്ളവനും അതില്ലാത്തവനും എന്നതാണ് പുതിയ വിഭജനം.പരിഹരിക്കാന്‍ എന്ത് ചെയ്യും ?
കോവിഡ് ,ലോകത്തെ തകര്‍ത്തിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളായിട്ടാണ് നമ്മള്‍ അതിനെ ഇപ്പോള്‍ കാണുന്നത്.എന്നാല്‍ പരിഹരിക്കാന്‍ കഴിയാത്ത നിലയില്‍ അത് എല്ലാ രംഗത്തെയും തകര്‍ത്തിട്ടുണ്ട്.പരിഹരിക്കാനാവാത്ത നിലയില്‍ ലോക സമ്പദ് വ്യവസ്ഥയെ തകര്‍ത്തു.ജനങ്ങളുടെ നിത്യവൃത്തിയെ വല്ലാത്ത നിലയില്‍ മാറ്റിക്കളഞ്ഞു.അതിനാല്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ അവതരണത്തിനും യുക്തമായ സമയമിതാണ്.യുവാക്കള്‍ക്ക് നൈപുണ്യവികസനത്തിന് പരിശീലനം നല്‍കണം.നിലവിലുള്ള തൊഴില്‍ സ്വഭാവത്തിലും തൊഴില്‍ രീതികളിലുമെല്ലാം മാറ്റം വന്നു കഴിഞ്ഞു.അങ്ങന വരുമ്പോള്‍ തങ്ങള്‍ ചെയ്തു വന്ന മേഖലയില്‍ തൊഴില്‍ ഇല്ലെങ്കില്‍ മറ്റൊരു മേഖലയില്‍ വൈദഗ്ധ്യം നേടേണ്ടി വരും.ജപ്പാന്‍ ,യു.കെ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പരിശീലനം ലഭിച്ച മനുഷ്യശേഷി ആവശ്യമാണ്.അവിടെ ആവശ്യമായ വൈദഗ്ധ്യം വികസിപ്പിക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്.മറ്റൊന്ന്,ഇത് സംസ്ഥാനങ്ങള്‍ രാഷ്ട്രീയം കളിക്കേണ്ട സമയമല്ല എന്നതാണ്.സംസ്ഥാനങ്ങളില്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാരാണ് ഭരിക്കുന്നതെങ്കില്‍,അത് കേരളമായാലും ബംഗാളായാലും കര്‍ണാടകയായാലും ,കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് പ്രവര്‍ത്തിക്കണം.അല്ലെങ്കില്‍ ജനങ്ങള്‍ സഹിക്കേണ്ടി വരും.അതിനാല്‍ കോവിഡനന്തരം യുവാക്കള്‍ക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണം.
-വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ വിഭജനം ,ഡിജിറ്റല്‍ വിവേചനമായി മാറിയിരിക്കുന്നു.സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു.ഇത് ഗുരുതരമല്ല ?
2015-16 ല്‍ പ്രധാനമന്ത്രി ഡിജിറ്റല്‍ ഇന്ത്യ കൊണ്ടുവന്നപ്പോള്‍,എല്ലാവരും അതിനെ വിമര്‍ശിച്ചു.ഇന്ന് ആളുകള്‍ വര്‍ക്ക് ഫ്രം ഹോം,ബി.പി.ഒ ജോലി എല്ലാം ചെയ്യുന്നത് ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി തയ്യാറാക്കിയ ഇന്റര്‍നെറ്റ് ശൃംഖല ഉപയോഗിച്ചാണ്.അത് ശക്തിപ്പെടുത്തും.എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തണം.ഐ.ടി.മന്ത്രാലയത്തിന്റെ ഉദ്ദേശം അതാണ്.കാരണം അതിപ്പോള്‍  റേഷന്‍ കാര്‍ഡിനെപ്പോലെ അനിവാര്യതമായി മാറി.അതുപോലെ, സ്മാര്ട്ട് ഫോണുകളുടെ നിര്‍മാണത്തിന് ഫോക്കസ് കൊടുത്തു കൊണ്ടുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്..അടുത്ത കാലം വരെ  എല്ലാ പ്രധാനപ്പെട്ട ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നമ്മള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു.ഇപ്പോള്‍ ഇവയെല്ലാം ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് പ്രാമുഖ്യം നല്‍കിക്കഴിഞ്ഞു.ആപ്പിള്‍ അടക്കമുള്ള 6 പ്രധാന കമ്പനികള്‍ ഇപ്പോള്‍ ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കുന്നുണ്ട്. നമ്മള്‍ രാജ്യത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിക്കാരാകാന്‍ പോവുകയാണ്.നിര്‍മാതാക്കളില്‍ മത്സരമുണ്ടായാല്‍ വിലയും കുറയും.സാധാരണക്കാര്‍ക്ക് വാങ്ങാവുന്ന വിലയില്‍ ഫോണ്‍ ലഭിക്കും.കുറഞ്ഞ വില ഉറപ്പിക്കാനുള്ള പ്രധാനപ്പെട്ട വഴി മത്സരമാണ്.
-കേരളമാണ് ലോകത്തിന് വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള മനുഷ്യശേഷി സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്ന്.എന്നാല്‍ ഐ.ടി ഉള്‍പ്പെടുന്ന സാങ്കേതിക മേഖലയില്‍ കേരളം വ്യവസായ സ്വഭാവത്തില്‍ മുന്നേറാത്തത് എന്തു കൊണ്ടാണ് ?
പ്രസക്തിയുള്ള ചോദ്യമാണ്.ഈ ചോദ്യം യഥാര്‍ഥത്തില്‍ ചോദിക്കേണ്ടത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളോടാണ്.നിക്ഷേപം ആകര്‍ഷിക്കുന്നതിന് കേരളം ഒരിക്കലും മത്സരക്ഷമമാകാന്‍ താല്‍പര്യം കാട്ടിയിട്ടില്ല.ഇതുവരെ ഇക്കാര്യത്തില്‍ ഒരു അലസ സമീപനമാണ് സ്വീകരിച്ചത്.മറ്റ് സംസ്ഥാനങ്ങള്‍ മുന്നേറിക്കോട്ടെ എന്ന നിലപാട്. ഇപ്പോള്‍ കിറ്റക്‌സുമായി ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ നോക്കു..തെലങ്കാന വിമാനമയച്ച് കിറ്റക്‌സിന്റെ ഉടമയെ അവിടേക്ക് ക്ഷണിക്കുന്നു.തെലങ്കാനയില്‍ നിക്ഷേപിക്കാന്‍ പറയുന്നു.കേരളത്തിന് വേണ്ടെങ്കില്‍ കര്‍ണാടകയില്‍ ആരംഭിക്കാന്‍ ഞാന്‍ അവരോട് അഭ്യര്‍ഥിക്കും.ഞാന്‍ അവരോട് വ്യക്തിപരമായി സംസാരിക്കാന്‍ പോവുകയാണ്.കര്‍ണാടകയില്‍ അവര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കും.പ്രത്യേകിച്ച് ഇക്കാലത്ത്,തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഏത് നിക്ഷേപകനെയും സംരംഭകനെയും നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.  ആ തൊഴില്‍ സൃഷ്ടിക്കലിനെ പിന്തുണക്കുക എന്നത് രാഷ്ട്രീയ നേതാക്കളുടെ ധാര്‍മിക ഉത്തരവാദിത്വമാണ്.തൊഴില്‍ സംരഭകനെ തകര്‍ക്കാന്‍ പാടില്ല.കേരളത്തിന്റെ രാഷ്ട്രീയം നിക്ഷേപത്തിന്റെ രാഷ്ട്രീയവും തൊഴില്‍ സൃഷ്ടിക്കലിന്റെയും രാഷ്ട്രീയവുമായി മാറണം.വര്‍ഷങ്ങളായി ഭയത്തിന്റെയും മടിയുടെയും ആക്രമണത്തിന്റെയും രാഷ്ട്രീയമാണ് പ്രയോഗിച്ചത്.അതൊക്കെ ചരിത്രമായിക്കഴിഞ്ഞു.കേരളത്തിലെ ഇത്തരം രാഷ്ട്രീയത്തിന് പ്രചോദനമായ ചൈനക്കാര്‍ പോലും ഇത് ചെയ്യുന്നില്ല.പിന്നെ എന്തിനാണ് ഇവിടെ ഇത് ചെയ്യുന്നത് ?ആശയപരമായ ഭിന്നതകളുടെ പേരില്‍ ആളുകളെ നശിപ്പിക്കാനോ തൊഴില്‍ തകര്‍ക്കാനോ ജീവിതം നശിപ്പിക്കാനോ പാടില്ല. ഒരു പാര്‍ട്ടി ഒരു തിരഞ്ഞെടുപ്പില്‍ ജയിക്കും.മറ്റൊരു പാര്‍ട്ടി മറ്റൊരു തിരഞ്ഞെടുപ്പില്‍ ജയിക്കും.അതിന്റെ പേരില്‍,ദൈവത്തിന്റെ സ്വന്തം നാടിന്റെ സാമ്പത്തിക വ്യവസ്ഥയെ ഇങ്ങനെ തകര്‍ത്ത്,ദുര്‍ബലമാക്കിയിട്ട് എന്ത് കാര്യം ? രാഷ്ട്രീയം കളിക്കാന്‍ എനിക്ക് താല്‍പര്യമില്ല.ഭാവി തലമുറക്ക് പ്രകാശമുള്ള ഭാവിയുണ്ടാക്കി കൊടുക്കാനാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിക്കേണ്ടത്.
-പുതിയ ഐ.ടി മന്ത്രിയില്‍ നിന്ന് കേരളത്തിന് എന്ത് പ്രതീക്ഷിക്കാം ?
കേരളത്തിലെ യുവാക്കള്‍ക്ക് മറ്റെല്ലായിടത്തെയും യുവാക്കള്‍ക്കൊപ്പം അവസരങ്ങള്‍ ലഭിക്കും.കേരളം കോവിഡിന്റെ കടുത്ത പിടിയിലാണ്.രണ്ടാം വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ല.അങ്ങനെ കേരളത്തിലെ യുവാക്കള്‍ ഒത്തിരി സഹിച്ചു.എനിക്ക് കഴിയാവുന്നതെല്ലാം ഞാന്‍ ചെയ്യും.ഞാന്‍ മലയാളിയാണ്.അതിനാല്‍ എനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം കേരളത്തിനായി ചെയ്യും.രാജ്യത്ത് നിക്ഷേപങ്ങള്‍ തമ്മിലുള്ള മത്സരം,ജോലികള്‍ തമ്മിലുള്ള മത്സരമൊക്കെ തുടങ്ങിയിരിക്കുന്നു.അതില്‍ യു.പി,കര്‍ണാടക,തമിഴ്‌നാട് ഒക്കെ ജയിച്ചു.വ്യവസായങ്ങള്‍ ഈ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രീകരിക്കുകയാണ്.കേരളവും ഈ ഓട്ടത്തില്‍ ചേര്‍ന്നില്ലെങ്കില്‍,ഇതില്‍ മത്സരിച്ചില്ലങ്കില്‍,കടം വാങ്ങലിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒരു സമ്പദ് വ്യവസ്ഥയായി തുടരേണ്ടി വരും.അതൊരു സുസ്ഥിര മാതൃകയല്ല.രാഷ്ട്രീയം തിരഞ്ഞെടുപ്പ് സമയത്ത് പ്രയോഗിക്കുക.തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രാഷ്ട്രീയം മാറ്റിവയ്ക്കുക.എന്നിട്ട് പ്രായോഗികമായ സമീപനം സ്വീകരിക്കുക.കേന്ദ്ര സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കുക.അതാണ് ഇപ്പോള്‍ വേണ്ട ദേശീയ മുന്‍ഗണനയെന്നും സംസ്ഥാന മുന്‍ഗണനയെന്നും എനിക്ക് തോന്നുന്നു-അത് ഏത് സംസ്ഥാനമാണെങ്കിലും.
-സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാനായി കൊണ്ടു വന്ന പുതിയ നിയമങ്ങള്‍ വിവാദത്തിന്റെ നടുവിലാണ്.അഭിപ്രായ സ്വാതന്ത്ര്യമാണ് ചര്‍ച്ചാ വിഷയം.വിവാദങ്ങളെ എങ്ങനെയാണ് ഐ.ടി മന്ത്രാലയം നേരിടാന്‍ പോകുന്നത് ?
ഈ സാമൂഹ്യമാധ്യമങ്ങളെല്ലാം പത്ത് വര്‍ഷം മുമ്പ് തുടങ്ങുമ്പോള്‍ ചെറിയ കമ്പനികളായിരുന്നു.അവര്‍ പത്ത് വര്‍ഷം കൊണ്ട് വമ്പന്‍ കമ്പനികളായി.കുത്തകകളായി മാറി.അങ്ങനെ അവര്‍ സമൂഹത്തിലും ജനജീവിതത്തിലും വമ്പന്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി.സമൂഹം,ജന ജീവിതം,രാഷ്ട്രീയ സംവാദങ്ങള്‍,മതസംവാദങ്ങള്‍ എന്നിവയിലൊക്കെ അവര്‍ സ്വാധീനം ചെലുത്താനും ഇടപെടാനും തുടങ്ങി.സാധാരണ നിലയില്‍ ഒരു മാധ്യമത്തിന് ബാധകമായ നിയമങ്ങളൊന്നും സാമൂഹ്യമാധ്യമത്തിന് ബാധകമല്ല എന്ന നിലയാണ്.അത് ശരിയാണോ ?ഒരു വ്യക്തിക്ക അപകീര്‍ത്തിപരമായി ഒരു പത്രം ഒരു വാര്‍ത്ത കൊടുത്തു എന്ന് കരുതുക.ആ വ്യക്തിക്ക് കോടതിയെ സമീപിക്കാന്‍ ഇവിടെ നിയമ വ്യവസ്ഥയുണ്ട്.അതു പോലെ പത്രസ്ഥാപനവും സ്വയം സൃഷ്ടിച്ച നിരവധി വ്യവസ്ഥകളും ചട്ടങ്ങളും പിന്തുടരുന്നുണ്ട്.എന്തു കൊണ്ടാണ് സാമൂഹിക മാധ്യമങ്ങള്‍ക്ക് ഇത് ബാധകമാകാത്തത് ?ജനങ്ങള്‍ ഉപയോക്താക്കളല്ലേ.സാമൂഹ്യ മാധ്യമം ഒരു വ്യക്തിയെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ആ വ്യക്തി പരാതിയുമായി ആരെ സമീപിക്കും ?അതിനാല്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കാനും കൈകാര്യം ചെയ്യാനും ഒരു സംവിധാനം സൃഷ്ടിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.എന്നാല്‍ ഇത്തരമൊരു സംവിധാനം ഈ കമ്പനികള്‍ക്ക് വേണ്ട എന്ന ഒറ്റക്കാരണത്താല്‍ അതിനെതിരെ അഭിപ്രായ സ്വാതന്ത്ര്യ ധ്വംസനം എന്ന പ്രചരണം നടത്തുകയാണ്.എല്ലാ പ്ലാറ്റ് ഫോമുകളും ഈ ചട്ടങ്ങളുമായി സഹകരിക്കുന്നു.എന്നാല്‍ ഒരു കമ്പനി മാത്രം തയ്യാറല്ല.എന്തു കൊണ്ടാണത് ? ഒരു കമ്പനി മാത്രം ഇന്ത്യന്‍ നിയമം അംഗീകരിക്കാത്തത് എന്തു കൊണ്ടാണ് ?അത് ചോദിക്കുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തുകയാണ്.ജനങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമില്ലേ ?ഇതെല്ലാം ഇന്ത്യ മാത്രം നേരിടുന്ന വെല്ലുവിളികളല്ല.എല്ലാ രാജ്യങ്ങളിലും ഈ പ്രശ്‌നങ്ങളുണ്ട്.ചൈന ഇതിനെ എങ്ങനെയാണ് നേരിട്ടത് ?അവര്‍ ഈ കമ്പനികളെ നിരോധിച്ചു.ഞങ്ങളത് ചെയ്യുന്നില്ല.ഉപയോക്താക്കളോട് കമ്പനികള്‍ ഉത്തരവാദിത്വം കാണിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
-താങ്കളും ഒരു മാധ്യമ സ്ഥാപന ഉടമയാണ്.ഏഷ്യാനെറ്റിനെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചപ്പോള്‍,ബി.ജെ.പി നേതാവ് ഉടമയായിട്ടും മോദി സര്‍ക്കാര്‍ നിരോധിച്ചെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.എന്താണ് പ്രതികരണം ?
ഒരു കാര്യം വ്യക്തമാക്കട്ടെ,ഞാന്‍ മാധ്യമ സ്ഥാപനങ്ങളുടെ ഉടമയല്ല.ബി.പി.എല്‍ വിറ്റതിന് ശേഷം ഞാന്‍ വിവിധ മേഖലകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. മീഡിയാ ഹൗസുകളിലും നിക്ഷേപമുണ്ട്. ഏഷ്യാനെറ്റ് എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ ഞാന്‍ വാങ്ങിച്ചു.3,4 കൊല്ലം ഞാന്‍ അതില്‍ നിക്ഷേപിച്ച് വളര്‍ത്തി.തെലുഗു,തമിഴ്,കന്നഡ ചാനലുകള്‍ തുടങ്ങി. തുടര്‍ന്ന് മര്‍ഡോകിന് വിറ്റു. അതാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഇടപെടാറില്ല. അവിടെ അത് കൈകാര്യം ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ ഉണ്ട്.അതൊക്കെ വളരെ പ്രൊഫഷണലി കൈകാര്യം ചെയ്യപ്പെടുകയാണ്.എങ്കിലും എഡിറ്റര്‍മാരുടെ വീക്ഷണങ്ങളുടെ പേരില്‍ നിര്‍ഭാഗ്യവശാല്‍, എന്റെ മേലിലാണ് അടി കിട്ടുക.ഞാന്‍ വാര്‍ത്തയി്ല്‍ ഇടപെടാറില്ല. അവര്‍ നന്നായി ചെയ്താല്‍ ,ഏത് പ്രൊഫഷണല്‍ സ്ഥാപനങ്ങളിലുമെന്നത് പോലെ അവര്‍ വിജയിക്കും. തെറ്റു പറ്റിയാലും അവര്‍ക്കാണ് ഉത്തരവാദിത്വം. ഞാന്‍ അതില്‍ ഇടപെടുകയില്ല. അവര്‍ക്ക് പ്രാദേശികമായ പ്രശ്‌നങ്ങളോ വിഷയങ്ങളോ ഉണ്ടാകാം. അതിന്റെ പേരില്‍ എനിക്കാണ് വിമര്‍ശനം കിട്ടുക. മാധ്യമവുമായുള്ള അസോസിയേഷന്റെ ഭാഗമാണിതെല്ലാമെന്നാണ് ഞാന്‍ കരുതുന്നത്.നല്ലത് ചെയ്യുമ്പോള്‍ ആരും ഒന്നും പറയില്ല. വിവാദമുണ്ടായാല്‍ എന്റെ തലയില്‍ വരും റിപ്പബ്ലിക് ചാനല്‍ തുടങ്ങിയപ്പോള്‍ അര്‍ണാബ് ഗോസ്വാമിയെക്കുറിച്ചുള്ള പരാതികള്‍ മുഴുവന്‍ എന്റെ തലയിലിട്ടു. ഞാന്‍ അഭിപ്രായ സ്വാതന്ത്ര്യം ആദരിക്കുന്ന ഒരാളാണ്. ചാനലിന്റെ നിലപാടില്‍ ഞാന്‍ ഒന്നും പറയാറില്ല. അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാറില്ല. എന്നാല്‍  ചില കാര്യങ്ങള്‍ പാലിക്കണമെന്ന് ഞാന്‍ പൊതുവെ പറയാറുണ്ട്.ഇന്ത്യ എന്ന വികാരം കാത്ത് സൂക്ഷിക്കണം.രാജ്യത്തെ അനാദരിക്കരുത്. ബാക്കിയൊക്കെ ജനാധിപത്യ വ്യവസ്ഥയിലെ പതിവ് സംവാദങ്ങളാണ്. വിയോജിക്കുമ്പോള്‍ പോലും സൗഹൃദം കാത്തു സൂക്ഷിക്കാന്‍ കഴിയണമെന്നതാണ് എന്റെ നിലപാട്.
-വിശ്വാസം,ഭക്ഷണം,സംസ്‌കാരം തുടങ്ങിയവയിലൊക്കെ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നുവെന്നതാണ് ബി.ജെ.പിക്കെതിരെയുള്ള വിമര്‍ശനം.ബീഫ് നിരോധനം പോലെയുള്ള നടപടികള്‍ അതിന് ആക്കം കൂട്ടുന്നു.രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മോദി സര്‍ക്കാരിനോടുള്ള സമീപനം താങ്കള്‍ വിലയിരുത്തിയിട്ടുണ്ടോ ?
ബി.ജെ.പി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം ഒരു ഫിക്ഷനാണ്.ജനങ്ങളില്‍ ഭയമുണ്ടാക്കാനായി മിത്ത് സൃഷ്ടിക്കുകയാണ്.മുസ്ലിം,ക്രിസ്ത്യന്‍ സഹോദരന്‍മാരെ പേടിപ്പിക്കുകയാണ്.ബി.ജെ.പി നിങ്ങളെ ബിഫ് തിന്നാന്‍ സമ്മതിക്കില്ല.നിങ്ങളുടെ സംസ്‌കാരം തകര്‍ക്കും, ബി.ജെ.പി ഹിന്ദുത്വം അടിച്ചേല്‍പിക്കും എന്നാണ് പ്രചരണം.ഇതിനൊരു തെളിവുമില്ല.സര്‍ക്കാര്‍ നടപ്പാക്കിയ ഒരു പദ്ധതിയില്‍  പോലും ജാതി-മത വിവേചനം കാട്ടിയിട്ടില്ല.ഏതെങ്കിലും ഒരു മുസ്ലീമിന് ഈ പദ്ധതികളില്‍ നിന്ന് വിവേചനം നേരിട്ടതായി പറയാന്‍ കഴിയുമോ ?ഹിന്ദുയിസം ഉയര്‍ത്തിപ്പിടിച്ചാല്‍ ,അത് മറ്റ് മതങ്ങള്‍ക്ക് എതിരാകുന്നത് എങ്ങനെ ?അത് ആരെയും ഒഴിവാക്കാനല്ല.75 വര്‍ഷമായിട്ടും ഇന്ത്യയിലെ  മുസ്ലിങ്ങളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല.ദാരിദ്ര്യം,വിദ്യാഭ്യാസ പിന്നോക്കാവസ്ഥ തുടങ്ങിയവയുണ്ട്.പല സംസ്ഥാനങ്ങളിലും അതാണ് സ്ഥിതി.അത് പരിഹരിക്കണ്ടേ.എത്രയോ വര്‍ഷം അവരെ പേടിപ്പിച്ച് മുഖ്യധാരയില്‍ നിന്ന്  അകറ്റി നിര്‍ത്തി.അത് പരിഹരിക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.പണ്ട് അയാള്‍ ഇത് പറഞ്ഞു.പണ്ട് ഇയാള്‍ ഇത് പറഞ്ഞു എന്ന് ആവര്‍ത്തിച്ച്  ചരിത്രം തിരഞ്ഞ് തിരഞ്ഞ് നമ്മള്‍,പഴയതില്‍ കുടുങ്ങി പോകരുത്.മുന്നോട്ട് പോകണം.എല്ലാവരും വികസനത്തില്‍ ഒപ്പമുണ്ടാകണം
PRINT

Related Keywords

China ,United States ,Karnataka ,India ,New Delhi ,Delhi ,Tamil Nadu ,Manoj Menon ,Kerala ,Temple Thrissur ,Rajiva New The Centre ,Union India ,Union Rajesh ,Air Temple Thrissur ,India Rajesh ,India Van ,Projecti India ,Prime Minister ,New India ,Slumdog Millionaire ,Prime Minister Rabin ,Business Terminated ,Frum Home ,Gregorian India ,சீனா ,ஒன்றுபட்டது மாநிலங்களில் ,கர்நாடகா ,இந்தியா ,புதியது டெல்ஹி ,டெல்ஹி ,தமிழ் நாடு ,மனோஜ் மேனன் ,கேரள ,தொழிற்சங்கம் இந்தியா ,இந்தியா ராஜேஷ் ,ப்ரைம் அமைச்சர் ,புதியது இந்தியா ,ப்ரைம் அமைச்சர் ராபின் ,

© 2024 Vimarsana

comparemela.com © 2020. All Rights Reserved.