വി പി ഉണ്ണികൃഷ്ണൻ മറുവാക്ക് ചാരക്കണ്ണുകളും രാജ്യദ്രോഹവും നരേന്ദ്രമോഡിയുടെ ഭരണത്തിനു കീഴില്‍ രാഷ്ട്രത്തെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്തകൂടി പുറത്തുവന്നിരിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും ഫോണുകളും നവമാധ്യമങ്ങളും നരേന്ദ്രമോഡി ഇസ്രയേല്‍ ചാരസംഘടന നിയന്ത്രിക്കുന്ന പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ വഴി ചോര്‍ത്തിയിരിക്കുന്നു. അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഭരണഘടന നല്കുന്ന മനുഷ്യാവകാശത്തിന്റെ ധ്വംസനവുമാണ് നരേന്ദ്രമോഡി ചെയ്തിരിക്കുന്നത്. തങ്ങള്‍ക്കെതിരായി പ്രക്ഷോഭം നടത്തുന്നവരുടെയും വിമതസ്വരം ഉയര്‍ത്തുന്നവരുടെയും സര്‍ക്കാര്‍ വീഴ്ചകള്‍ ജനസമക്ഷം അവതരിപ്പിക്കുന്ന മാധ്യമ ധര്‍മ്മം നിര്‍വഹിക്കുന്നവരുടെയും മനുഷ്യാവകാശ നിഷേധ പരമ്പരകള്‍ക്കെതിരായി ശബ്ദിക്കുന്നവരുടെയും ഫോണുകള്‍ മാത്രമല്ല വൈദേശിക ചാര കമ്പനി വഴി ചോര്‍ത്തിയത്. സ്വന്തം മന്ത്രിസഭാംഗങ്ങളെയും സ്വന്തം പാര്‍ട്ടി നേതാക്കളെയും ചാരക്കണ്ണുകളുടെ വലയിലെത്തിച്ചൂ നരേന്ദ്രമോഡി — അമിത് ഷാ സഖ്യം. കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് പട്ടേലും അശ്വനി വൈഷ്ണവും ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തലിന് ഇരകളായി. മന്ത്രിമാരുടെ ഭാര്യമാരും മക്കളും സഹോദരങ്ങളും തോട്ടക്കാരും പാചകക്കാരും വരെ നിരീക്ഷണത്തില്‍. സ്വന്തം മന്ത്രിമാരെ പോലും സംശയിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡിയെന്ന് തെളിഞ്ഞിരിക്കുന്നു. സംഘപരിവാര്‍ നേതാവും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ പ്രവീണ്‍ തൊഗാഡിയയും പട്ടികയിലുണ്ട്. മോഡിയുടെയും അമിത് ഷായുടെയും വിമര്‍ശകനായ തൊഗാഡിയ തനിക്ക് അവരില്‍ നിന്നും വധഭീഷണിയുണ്ടെന്നും വധശ്രമം അരങ്ങേറിയെന്നും വെളിപ്പെടുത്തിയത് സമീപകാലത്താണ്. സുപ്രീം കോടതി ജഡ്ജിമാരുടെ ഫോണ്‍ പോലും ചാരസംഘടനയെ കൊണ്ട് ചോര്‍ത്തിക്കുന്നുവെന്നത് ജനാധിപത്യത്തിലെ നാല് നെടും തൂണുകളില്‍ ഒന്നായ ജുഡീഷ്യറിക്കു നേരെയുള്ള കടന്നുകയറ്റമാണ്. ഭയപ്പെടുത്തി വിധിന്യായങ്ങള്‍ പുറപ്പെടുവിക്കാമെന്ന അതിഗൂഢ അജണ്ടയുടെ ഭാഗമാകാമിത്. മറ്റൊരു നെടുംതൂണായ മാധ്യമങ്ങളെയും ചാരവലയത്തിലാക്കി സംഘപരിവാര്‍ വര്‍ഗീയ ഫാസിസ്റ്റ് ഭരണം. നിരവധി മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും ചോര്‍ത്താന്‍ ചാരക്കമ്പനിയെ ചുമതലപ്പെടുത്തി. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തെ മോഡിയും കൂട്ടരും ഭയപ്പെടുന്നുവെന്നത് നേരത്തേ വ്യക്തമായിരുന്നതാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമായ പ്രതിരോധ വാക്സിനും ഓക്സിജനും നിഷേധിച്ച് മരണനിരക്കുയര്‍ത്തിയ മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമ സ്ഥാപനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് റെയ്ഡ് നടത്തുകയും കടന്നാക്രമിക്കുകയും ചെയ്യുന്നത് അനവരതം അരങ്ങേറുകയാണ്. മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും അഴിമതിയും വര്‍ഗീയ അജണ്ടകളും തുറന്നുകാട്ടുന്ന മാധ്യമ പ്രവര്‍ത്തകരെയെല്ലാം ചാരസംഘടനയുടെ നിരീക്ഷണ വലയത്തിലാക്കി. പക്ഷേ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനോ ഏകാധിപത്യ പ്രവണതയുണ്ടായിരുന്ന ഭരണാധികാരികള്‍ക്കോ നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താനായിട്ടില്ല. മോഡിയും അക്കാര്യത്തില്‍ പരാജയപ്പെടുമെന്നത് തീര്‍ച്ചയാണ്. സര്‍ക്കാരുകളെ അട്ടിമറിക്കുവാനും എംഎല്‍എമാരെ വിലപേശി പിടിക്കുവാനും പെഗാസസിനെ മോഡി ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. കര്‍ണാടകയില്‍ ജനതാദള്‍ — കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കുവാന്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെയും അംഗരക്ഷകരുടെയും മുഖ്യമന്ത്രിമാരായിരുന്ന എച്ച് ഡി കുമാരസ്വാമിയുടെയും സിദ്ധരാമയ്യയുടെയും കുടുംബാംഗങ്ങളുടെയും ഫോണും ചോര്‍ത്തി. മധ്യപ്രദേശിലും കുതിരക്കച്ചവടത്തിലൂടെ ബിജെപിക്ക് അധികാരം പിടിക്കുവാന്‍ വിദേശ ചാരസംഘടനയെ ഇവര്‍ ആശ്രയിച്ചുവെന്ന സന്ദേഹവും ഗൗരവപൂര്‍വം ചര്‍ച്ചചെയ്യേണ്ടതാണ്. ഇത് തികച്ചും ജനാധിപത്യ ധ്വംസനമാണ്. പൗരാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റവും. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന കടുത്ത ഭീഷണിയാണ് ഈ വെളിപ്പെടുത്തലുകളിലൂടെ വ്യക്തമാക്കപ്പെടുന്നത്. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയെയും ബാലഗംഗാധര തിലകനെയും പോലുള്ള സ്വാതന്ത്ര്യസമരസേനാനികളെ ജയിലിലടയ്ക്കാന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ നിയമം ഉപേക്ഷിക്കുവാന്‍ സമയമായില്ലേയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ രമണ ചോദിച്ചത് ഈയടുത്തകാലത്താണ്. മോഡി ഭരണകൂടം രാജ്യദ്രോഹ നിയമത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ചോദ്യം. ജമ്മു കശ്മീര്‍ വിഭജനത്തിനെതിരെയും പൗരാവകാശ നിയമഭേദഗതിക്കെതിരെയും സമരം ചെയ്താല്‍, ശബ്ദിച്ചാല്‍ പാകിസ്ഥാന്‍ ചാരന്മാരും രാജ്യദ്രോഹികളുമായി മുദ്രകുത്തി യുഎപിഎ ചുമത്തി ജയിലിലടയ്ക്കും. വിദ്യാര്‍ത്ഥി — വിദ്യാര്‍ത്ഥിനികളും സ്ത്രീകളും വയോധികരുമെല്ലാം അതില്‍പ്പെടും. ജീവിക്കുവാന്‍ വേണ്ടി കര്‍ഷക മാരണ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ ഖാലിസ്ഥാന്‍ വാദികളും രാജ്യദ്രോഹികളുമാവും. ബിജെപി ഭരണകൂടത്തിന്‍ കീഴില്‍ ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ സവര്‍ണ പൗരോഹിത്യം കൂട്ട ബലാത്സംഗം ചെയ്ത് കൊല്ലുന്നത് റിപ്പോര്‍ട്ട് ചെയ്താല്‍ മാധ്യമ പ്രവര്‍ത്തകരും രാജ്യദ്രോഹ കുറ്റം ചുമത്തി കാരാഗൃഹത്തിലടയ്ക്കപ്പെടും. പെഗാസസ് ചാരവൃത്തി പുറത്തുവരുമ്പോള്‍ ആരാണ് രാജ്യദ്രോഹി എന്ന ചോദ്യം പ്രസക്തമാവുകയാണ്. ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യ – മനുഷ്യാവകാശങ്ങളെയും ധ്വംസിച്ചുകൊണ്ട് ഇസ്രയേല്‍ ചാരക്കണ്ണുകള്‍ക്ക് കീഴില്‍ ഇന്ത്യന്‍ പൗരന്മാരെ വലിച്ചെറിഞ്ഞവരാണ് യഥാര്‍ത്ഥത്തില്‍ രാജ്യദ്രോഹികള്‍. നമ്മുടെ അടുക്കളകളിലേക്ക് മുമ്പുതന്നെ അതിക്രമിച്ചു കടന്ന സംഘപരിവാര്‍ ഫാസിസം നമ്മുടെ സ്വകാര്യതയിലേക്കും കടന്നുകയറിയെന്ന് ചാരവൃത്തിയിലൂടെ തെളിഞ്ഞിരിക്കുന്നു. പുറകിലേക്ക്