X കൊച്ചി: കേരളം ആസ്ഥാനമായ ‘ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്’ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യിലൂടെ 997.78 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങുന്നു. ഇതിനായുള്ള കരടുരേഖ ഓഹരി വിപണി നിയന്ത്രണ ബോർഡായ ‘സെബി’ക്ക് സമർപ്പിച്ചു. 997.78 കോടി രൂപയിൽ 800 കോടി രൂപയും പുതിയ ഓഹരികളുടെ വില്പനയിലൂടെയായിരിക്കും സ്വരൂപിക്കുക. പ്രൊമോട്ടർമാരുടെയും നിലവിലുള്ള ഓഹരിയുടമകളിൽ ചിലരുടെയും ഓഹരിയിൽ ഒരു പങ്ക് വിൽക്കുക വഴിയാണ് ശേഷിച്ച 197.78 കോടി രൂപ സമാഹരിക്കുക. ഇതിൽ, പി. എൻ.ബി. മെറ്റ്‌ലൈഫ്, ബജാജ് അലയൻസ് ലൈഫ്, പി.ഐ. വെഞ്ച്വേഴ്‌സ് എന്നീ സ്ഥാപനങ്ങളും ജോൺ ചാക്കോളയും ഉൾപ്പെടുന്നു. ഭാവിയിലേക്കുള്ള മൂലധന ആവശ്യങ്ങൾ നിറവേറ്റാനാണ് പുതുതായി സമാഹരിക്കുന്ന തുകയിൽ നല്ലൊരു ഭാഗം ചെലവഴിക്കുക. വായ്പാ ആവശ്യങ്ങൾ ഉൾപ്പെടെ ഇതിൽ നിന്ന് നിറവേറ്റാനാകും. ഐ.പി.ഒ.യ്ക്കു മുന്നോടിയായി മറ്റൊരു 300 കോടി രൂപ കൂടി സമാഹരിക്കാനും ബാങ്ക് ആലോചിക്കുന്നുണ്ട്.ആക്‌സിസ് കാപ്പിറ്റൽ, എഡെൽവീസ് ഫിനാൻഷ്യൽ സർവീസസ്, ഐ.സി. ഐ.സി.ഐ. സെക്യൂരിറ്റീസ്, ഐ.ഐ.എഫ്.എൽ. സെക്യൂരിറ്റീസ് എന്നിവയാണ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാർ. തുടക്കം മൈക്രോഫിനാൻസ് സംരംഭമായി 1992-ൽ കെ. പോൾ തോമസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിൽ മൈക്രോഫിനാൻസ് സംരംഭമായി തുടങ്ങിയ ഇസാഫ്, 2017 മാർച്ചിലാണ് സ്‌മോൾ ഫിനാൻസ് ബാങ്കായി മാറിയത്. നിലവിൽ കേരളം അടക്കം 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 550 ശാഖകളും 421 കസ്റ്റമർ സർവീസ് കേന്ദ്രങ്ങളും 12 ബിസിനസ് കറസ്പോണ്ടന്റുമാരുമുണ്ട് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്. 46.8 ലക്ഷമാണ് ഇടപാടുകാരുടെ എണ്ണം. സൂക്ഷ്മ വായ്പകൾ, സൂക്ഷ്മ-ചെറുകിട വ്യവസായ സംരംഭങ്ങൾക്കുള്ള വായ്പകൾ, കോർപ്പറേറ്റ് വായ്പകൾ, കാർഷിക വായ്പകൾ എന്നിവ നൽകിപ്പോരുന്ന ബാങ്കിന്റെ മൊത്തം വായ്പ 2021 മാർച്ചിലെ കണക്കനുസരിച്ച് 8,415 കോടി രൂപയാണ്. മൊത്തം നിക്ഷേപം 8,999.43 കോടി രൂപയും. ഗ്രാമീണ മേഖലകളിലും ചെറു പട്ടണങ്ങളിലുമുള്ള ഊന്നൽ തുടരുമെന്ന് കരടുരേഖയിൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപങ്ങളിൽ എൻ.ആർ.ഐ. നിക്ഷേപം, കറന്റ് അക്കൗണ്ട് - സേവിങ്‌സ് അക്കൗണ്ട് (കാസ) നിക്ഷേപം എന്നിവയിലായിരിക്കും ഊന്നൽ. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കിന്റെ മൊത്തം വരുമാനം 1,767.28 കോടി രൂപയായി ഉയർന്നിട്ടുണ്ട്. അറ്റാദായം 105.40 കോടി രൂപയാണ്. മൂലധന പര്യാപ്തത അനുപാതം 24.23 ശതമാനവും. Share on