Jul 14, 2021, 02:00 AM IST
X
രാഹുല്‍ ഗാന്ധിയും അധീര്‍ രഞ്ജന്‍ ചൗധരിയും കോണ്‍ഗ്രസ് ആസ്ഥാനത്ത് |ഫോട്ടോ:PTI
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി കോൺഗ്രസിന്റെ തന്ത്രപ്രധാനസമിതിയോഗം ബുധനാഴ്ച ചേരും. ലോക്‌സഭയിലെ കക്ഷിനേതൃസ്ഥാനത്തുനിന്ന് അധീർ രഞ്ജൻ ചൗധരിയെ മാറ്റുന്നകാര്യം സോണിയ പ്രഖ്യാപിക്കുമെന്നാണ് സൂചന. ശശി തരൂർ, മനീഷ് തിവാരി, ഗൗരവ് ഗൊഗോയി, രൺവീത് ബിട്ടു തുടങ്ങിയവരുടെ പേരുകളാണിപ്പോൾ പകരം കേൾക്കുന്നത്.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കടുത്ത വിരോധിയായതുകാരണം അധീർ രഞ്ജൻ ചൗധരിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തൃണമൂൽ അംഗങ്ങൾ മടിക്കുകയാണ്. ഇതു ലോക്‌സഭയിലെ പ്രതിപക്ഷഐക്യത്തെയടക്കം ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അധീറിനെ മാറ്റാൻ കോൺഗ്രസ് ആലോചിക്കുന്നത്.
സോണിയയും രാഹുലും പങ്കെടുക്കുന്ന യോഗത്തിൽ അധീറിനുപുറമേ രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, മുതിർന്ന പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി, സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ചീഫ് വിപ്പുമാരായ കൊടിക്കുന്നിൽ സുരേഷ്, ജയറാം രമേഷ്, ഇരുസഭകളിലെയും ഉപനേതാക്കളായ ആനന്ദ് ശർമ, ഗൗരവ് ഗൊഗോയി തുടങ്ങിയവർ പങ്കെടുക്കും.
പെട്രോൾ-ഡീസൽ-പാചകവാതക വിലവർധന, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, വാക്സിനേഷൻ പ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധി, കർഷകസമരം തുടങ്ങിയ കാര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രതിഷേധമുറകളും ചർച്ചയാവും.
PRINT