comparemela.com


ചാരിറ്റി യൂട്യൂബർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നത്? ഹൈക്കോടതിയുടേതാണ് ചോദ്യം. സംസ്ഥാനത്ത് ആർക്കും എങ്ങനെയും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. പണം നൽകുന്നവർ വഞ്ചിക്കപ്പെടുകയുമരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നു. പണപ്പിരിവിൽ സർക്കാർ നിയന്ത്രണം വേണം. ക്രൗഡ് ഫണ്ടിംഗിന് പണം എവിടെ നിന്ന് വരുന്നുവെന്ന് പരിശോധിക്കണം. സംസ്ഥാന പോലീസ് ഇതിൽ ഇടപെടണമെന്നും മലപ്പുറത്ത് അപൂർവ രോഗം ബാധിച്ച കുട്ടിക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹരജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു.
നിസ്വാർഥമായി ചാരിറ്റി പ്രവർത്തനം നടത്തുന്ന വ്യക്തികളും സംഘടനകളുമുണ്ട് സംസ്ഥാനത്തും പ്രവാസലോകത്തുമെല്ലാം. നൂറ് കണക്കിനു നിർധന കുടുംബങ്ങളും രോഗികളുമാണ് ഇവരുടെ സന്മനസ്സു കൊണ്ട് രക്ഷപ്പെട്ടത്. എസ് എം എ രോഗം ബാധിച്ച കണ്ണൂരിലെ ഒരു കുട്ടിയുടെ ചികിത്സക്ക് ദിവസങ്ങൾ കൊണ്ട് 18 കോടി രൂപ സുമനസ്സുകൾ നൽകിയത് അടുത്തിടെയാണ്. അതേസമയം ചാരിറ്റി ഒരു ബിസിനസ്സായി മാറ്റിയവരുമുണ്ട് ഇവർക്കിടയിൽ. അശരണരെ സഹായിക്കാനുള്ള മലയാളിയുടെ സന്മനസ്സ് ചുഷണം ചെയ്തും നിസ്വാർഥരായ കാരുണ്യപ്രവർത്തകർക്ക് സമൂഹം നൽകി വരുന്ന അംഗീകാരത്തിന്റെ മറവിലുമാണ് ചാരിറ്റി മേഖലയിലെ ഈ കള്ളനാണയങ്ങൾ വിലസുന്നത്.
രോഗബാധിതയായ മൂന്നര വയസ്സുകാരിയുടെ പേരിൽ വ്യാജപോസ്റ്ററുണ്ടാക്കി പണപ്പിരിവ് നടത്തിയ കോട്ടയം സ്വദേശികളായ അമ്മയും മകളും പിടിയിലായത് ഈയടുത്ത ദിവസമാണ്. ന്യൂറോ ഫൈബ്രോമാറ്റിസ് എന്ന രോഗം ബാധിച്ച പെരുമ്പാവൂർ സ്വദേശി പ്രവീണിന്റെ മൂന്ന് വയസ്സുകാരിയായ മകൾ ഗൗരി ലക്ഷ്മിയുടെ ചികിത്സയുടെ പേരിലാണ് ഇവർ പിരിവ് നടത്തിയത്. ശരീരത്തിനുള്ളിലെ ഞരമ്പുകളിൽ മുഴകളുണ്ടാകുന്നതാണ് രോഗം. മരുന്നിനും മറ്റു ചെലവുകൾക്കുമായി മാസം തോറും ഒന്നര ലക്ഷത്തോളം രൂപ വേണം. പെയിന്റിംഗ് തൊഴിലാളിയായ പ്രവീൺ ഈ തുക കണ്ടെത്താൻ വിഷമിക്കുന്നതു കണ്ട ചെർപ്പുളശ്ശേരിക്കാരനായ ഒരു കാരുണ്യ പ്രവർത്തകൻ സാമൂഹിക മാധ്യമങ്ങളിൽ കുഞ്ഞിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. കൂടെ അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു കാർഡും തയ്യാറാക്കി പങ്കു വെച്ചു. ഇതോടെ അക്കൗണ്ടിലേക്ക് പണം എത്തിത്തുടങ്ങി. ഈ വീഡിയോയിൽ വന്ന ഗൗരി ലക്ഷ്മിയുടെ ചിത്രങ്ങൾ ഉപയോഗിച്ചു പുതിയ അക്കൗണ്ട് നമ്പറും മൊബൈൽ നമ്പറും ചേർത്തു വ്യാജ കാർഡ് തയ്യാറാക്കിയാണ് കോട്ടയം സ്വദേശികളായ അമ്മയും മകളും തട്ടിപ്പ് നടത്തിയത്. ചില ചാരിറ്റിക്കാരുടെ പ്രവർത്തന രീതികളെക്കുറിച്ചറിയുമ്പോൾ കാരുണ്യ പ്രവർത്തനത്തിലുപരി സാമ്പത്തിക താത്പര്യമാണ് അവരെ നയിക്കുന്നതെന്നു ബോധ്യമാകും. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ രോഗിയെ വെച്ചുള്ള വീഡിയോ സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് രോഗിയുമായോ, രോഗിയുടെ ബന്ധുവുമായോ രേഖാപരമായി ഒരു കരാറുണ്ടാക്കുന്നുണ്ട് ചില ചാരിറ്റിക്കാർ. ചികിത്സക്കായി എത്തുന്ന പണത്തിൽ നിന്ന് നിശ്ചിത തുക കഴിഞ്ഞുള്ളത് ചാരിറ്റിക്കാരന് നൽകണമെന്നതായിരിക്കും ഇതിലെ വ്യവസ്ഥ. ഇതിന്റെ ഭാഗമായി പ്രോമിസറി നോട്ടുണ്ടാക്കി ബ്ലാങ്ക് ചെക്കുകൾ അയാൾ കൈക്കലാക്കുകയും ചെയ്യും. അക്കൗണ്ട് ഉടമകൾ ആശുപത്രി തിരക്കുകളിൽ ആകുന്ന സമയം ചികിത്സക്കാവശ്യമുള്ള പണം നൽകി ബാക്കിയുള്ളവ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും.
കൃത്യമായ കണക്കും ഓഡിറ്റിംഗുമില്ലാതെയാണ് മറ്റുള്ളവരുടെ പണം ഇവർ കൈകാര്യം ചെയ്യുന്നത്. മുപ്പത് ലക്ഷം രൂപ ആശുപത്രി ചെലവ് വരുന്ന രോഗിക്കു വേണ്ടി നടത്തുന്ന സഹായാഭ്യർഥനയിൽ ചിലപ്പോൾ അതിനേക്കാൾ വളരെ ഉയർന്ന തുക ലഭിക്കാറുണ്ട്. അധികമായി ലഭിക്കുന്ന തുക മറ്റു രോഗികൾക്കായി നൽകുകയാണെന്നാണ് ഇവർ അവകാശപ്പെടാറ്. എന്നാൽ ആർക്ക്, എത്ര നൽകിയെന്നു വെളിപ്പെടുത്താറില്ല. ഒരിക്കൽ മാധ്യമങ്ങളിൽ ചികിത്സാ സഹായം അഭ്യർഥിച്ചു കൊണ്ടുള്ള ഒരു വാർത്ത വന്നു. ഇതു കണ്ട് അന്നത്തെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ചാരിറ്റിക്കാരനെ നേരിട്ടു വിളിച്ചപ്പോൾ, ആശുപത്രിയിലെ കോ ഓർഡിനേറ്റർക്കു അയാൾ ഫോൺ കൈമാറി. 30 ലക്ഷം രൂപ ആശുപത്രി കുട്ടിയുടെ ചികിത്സക്കായി ആവശ്യപ്പെട്ടതായി കോ ഓർഡിനേറ്റർ അറിയിച്ചു. നിങ്ങൾ എത്ര സമാഹരിച്ചു എന്ന് മന്ത്രി ചോദിച്ചപ്പോ ൾ 25 ലക്ഷം എന്നായിരുന്നു ചാരിറ്റിക്കാരന്റെ മറുപടി. “എങ്കിൽ കിട്ടിയ തുക നിങ്ങൾ അടക്കൂ, ശേഷിക്കുന്ന അഞ്ച് ലക്ഷം സംസ്ഥാന സർക്കാർ അടച്ചോളാം’ എന്ന് മന്ത്രി അറിയിച്ചപ്പോൾ, “ഞങ്ങളുടെ രീതി അങ്ങനെയല്ല, കിട്ടുന്ന സംഖ്യയിൽ ഒരു തുക ഇവർക്കു കൊടുത്ത് ബാക്കി മറ്റു ആവശ്യക്കാർക്ക് കൊടുക്കലാണെന്നാ’യിരുന്നുവത്രേ ചാരിറ്റിക്കാരന്റെ മറുപടി. ഇതെന്ത് രീതിയാണെന്ന് മന്ത്രി മറുചോദ്യമുന്നയിക്കുകയും ചെയ്തു. സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് മാധ്യമങ്ങളുമായി ഈ സംഭവം പങ്കുവെച്ചത്. ചില കേസുകളിൽ ചാരിറ്റിപ്രവർത്തകർ തങ്ങളുടെ അക്കൗണ്ട് നമ്പർ തന്നെയാണ് നൽകാറ്. പണം രോഗിക്ക് ലഭിച്ചില്ലെന്ന പരാതിയിൽ മാനന്തവാടി പോലീസ് കേസെടുത്തത് അടുത്തിടെയാണ്.
കോടതി നിരീക്ഷിച്ചതു പോലെ ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ശക്തമായ നിരീക്ഷണവും നിയന്ത്രണവും ആവശ്യമാണ്. ഇല്ലെങ്കിൽ ഓൺലൈൻ ചാരിറ്റി മേഖല വ്യാജന്മാരുടെ പിടിയിലമരും. അതേസമയം ചാരിറ്റി മേഖലയിൽ നിസ്വാർഥ സേവനമനുഷ്ഠിക്കുന്ന നല്ല മനുഷ്യരുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ നിയന്ത്രണം വിലങ്ങുതടിയാകുകയുമരുത്. സാങ്കേതിക കാരണങ്ങളാലും മറ്റും സർക്കാർ സഹായങ്ങൾ ലഭ്യമാകാത്ത പാവപ്പെട്ടവരും അശരണരുമായ നിരവധി വ്യക്തികളും കുടുംബങ്ങളുമാണ് ചാരിറ്റി പ്രവർത്തകരുടെ ഇടപെടലുകളിലൂടെ രക്ഷപ്പെട്ടതും കരകയറിയതും. നിസ്വാർഥരായ ഇത്തരം ചാരിറ്റിപ്രവർത്തകർക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് മതിയായ പ്രോത്സാഹനവും പിന്തുണയും ലഭ്യമാകേണ്ടതുമാണ്.

Related Keywords

Kottayam ,Kerala ,India ,Kannur ,Malappuram ,Andaman And Nicobar Islands , ,Facebook ,Court Observer ,High Court ,Ghauri California ,கோட்டயம் ,கேரள ,இந்தியா ,கண்ணூர் ,மலப்புரம் ,அந்தமான் மற்றும் நிகோபார் தீவுகள் ,முகநூல் ,நீதிமன்றம் பார்வையாளர் ,உயர் நீதிமன்றம் ,

© 2025 Vimarsana

comparemela.com © 2020. All Rights Reserved.