National
ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
Published:28 July 2021
രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. ഇന്നലെ ബംഗളൂരുവിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മെയെ തെരഞ്ഞെടുത്തത്.
ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. ഇന്നലെ ബംഗളൂരുവിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മെയെ തെരഞ്ഞെടുത്തത്. കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഇതിന് ശേഷം ഗവര്‍ണര്‍ തവര്‍ച്ഛന്ദ് ഗെലോട്ടിനെ ബസവരാജ് രാജ്ഭവനിലെത്തി കണ്ടിരുന്നു.
ഹൂബ്ബള്ളിയിൽ നിന്നുള്ള എംഎൽഎയായ ബസവരാജ് ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ബി എസ് യെദിയൂരപ്പയുടെ വിശ്വസ്തനുമാണ്. യെദിയൂരപ്പ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബസവരാജിന്‍റെ പേര് നിർദേശിച്ചത്. ഈ പേര് യോഗത്തിൽ പങ്കെടുത്ത എല്ലാവരും അംഗീകരിക്കുകയായിരുന്നു.
മുഴുവൻ എംഎൽഎമാരും തീരുമാനം അംഗീകരിച്ചതോടെ ഭിന്നതകളില്ലാതെ അധികാര കൈമാറ്റം പൂർത്തിയാക്കുക എന്ന ഭാരിച്ച ദൗത്യം കേന്ദ്ര നേതൃത്വത്തിനും പൂർത്തിയാക്കാനായി. യെദിയൂരപ്പയുടെ അഭിപ്രായം കൂടി പരിഗണിച്ചേ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന് അരുൺ സിംഗ് യോഗത്തിന് മുൻപ് പറഞ്ഞിരുന്നു. പുതിയ സർക്കാരിൽ യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രയടക്കം നാല് ഉപമുഖ്യമന്ത്രിമാർ വരെയുണ്ടാവും എന്നാണ് റിപ്പോർട്ടുകൾ.
Tags :