X
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചപ്പോൾ
ന്യൂഡൽഹി: കേരളത്തിന്റെ വികസനത്തിന് കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിക്കും ഉടൻ അനുമതി നൽകും. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പരിശോധിച്ചശേഷം തീരുമാനിക്കും. സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി, എയിംസ്, കൊച്ചി പെട്രോ കെമിക്കൽസ് പദ്ധതി, അങ്കമാലി-ശബരി റെയിൽപ്പാത, തലശ്ശേരി-മൈസൂർ റെയിൽപ്പാത, ശബരിമല വിമാനത്താവളം തുടങ്ങിയ വികസനപദ്ധതികൾ പരിഗണിക്കും.
കോവിഡ് കാലത്തെ സാമ്പത്തികപ്രതിസന്ധി പരിഹിക്കാനായി 2020-’21 സാമ്പത്തികവർഷത്തെ ജി.എസ്.ടി. നഷ്ടപരിഹാരമായ 4524 കോടി രൂപ അടിയന്തരമായി നൽകണമെന്നും കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കാൻ 60 ലക്ഷം ഡോസ് ഈ മാസംതന്നെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യങ്ങളോട് പ്രധാനമന്ത്രി അനുകൂലനിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രിക്കു പുറമേ പെട്രോളിയം-നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര എന്നിവരെയാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച കണ്ടത്. ജോൺ ബ്രിട്ടാസ് എം.പി., ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
കേരളത്തിന് വലിയ കടൽത്തീരമുള്ളതിനാൽ കടൽ വഴിയുള്ള ജലഗതാഗതം പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വികസനത്തിനായി കേന്ദ്ര-സംസ്ഥാനസർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണമെന്നും പറഞ്ഞു. വീണ്ടും അധികാരത്തിൽവന്ന എൽ.ഡി.എഫ്. സർക്കാരിനെ അദ്ദേഹം അനുമോദിച്ചു. ഗെയിൽ പദ്ധതി പൂർത്തിയാക്കിയതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.
കേരളത്തിന്റെ ആരോഗ്യമേഖലയുടെ കരുത്തിനെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആ കരുത്ത് പൂർണമാകണമെങ്കിൽ പ്രഖ്യാപിച്ച എയിംസ് കേരളത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനങ്ങൾ ഇറങ്ങാൻ അനുമതി നൽകണമെന്നും ആസിയാൻ ഓപ്പൺ സ്കൈ നയത്തിൽ കണ്ണൂരിനെ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള തടസ്സം നീക്കണം. സ്ഥലമേറ്റെടുക്കൽ നടപടി ഉടൻ പൂർത്തിയാക്കും. ഏറ്റവും കൂടുതൽ തീർഥാടകരെത്തുന്ന സ്ഥലമായ ശബരിമലയിൽ വിമാനത്താവളം വേണം. അതിനായി സംസ്ഥാനസർക്കാർ സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Content Highlights: Pinarayi Vijayan meets PM Modi
PRINT