സുലേഖ, അജ്മല്‍
കോട്ടയം : കോട്ടയം നഗരമധ്യത്തിൽ, രാത്രി വീടാക്രമിച്ച് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കൊട്ടേഷൻ നൽകിയ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരിയും കൂട്ടുപ്രതിയും അറസ്റ്റിൽ.
മല്ലപ്പള്ളി വായ്പൂര്, കുഴിക്കാട്ട് വീട്ടിൽ സുലേഖ(ശ്രുതി), പൊൻകുന്നം കോയിപ്പള്ളിഭാഗം പുതുപ്പറമ്പിൽ വീട്ടിൽ അജ്മൽ എന്നിവരെയാണ് കോട്ടയം ഡിവൈ.എസ്.പി. എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവർക്കാണ് വെട്ടേറ്റത്.
സംഭവത്തിൽ 12 പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമണം നടക്കുമ്പോൾ ഇവർക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനുവും പൊൻകുന്നം സ്വദേശിയായ ജ്യോതിയും തലനാരിഴയ്ക്കാണ് വെട്ടേൽക്കാതെ രക്ഷപ്പെട്ടത്.
തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള കൊട്ടേഷൻ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വീടുകയറിയുള്ള ആക്രമണം. ഒരുമിച്ചുപ്രവർത്തിച്ചിരുന്ന അനാശാസ്യസംഘം രണ്ടായി പിരിഞ്ഞതിനെ തുടർന്നുണ്ടായ സാമ്പത്തികത്തർക്കവും കുടിപ്പകയുമാണ് ആക്രമണത്തിലെത്തിച്ചത്. അറസ്റ്റിലായ സുലേഖയാണ് കൊട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്.
സംഘം ഒരുമിച്ചുപ്രവർത്തിച്ചിരുന്നപ്പോൾ സാമ്പത്തിക തർക്കത്തെ തുടർന്ന് വെട്ടേറ്റവർ സുലേഖയുടെ ഭർത്താവ് മാനസ് മാത്യുവിനെ വീട് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് സംഘം രണ്ടായി പിരിഞ്ഞ് അനാശാസ്യകേന്ദ്രം നടത്തിവരുകയായിരുന്നു. സുലേഖയുടെ അനാശാസ്യകേന്ദ്രം കോട്ടയം കളത്തിപ്പടിക്ക് സമീപമായിരുന്നു പ്രവർത്തിച്ചിരുന്നത്.
വെട്ടേറ്റ സാൻ ജോസഫ്, അമീർഖാൻ എന്നിവരുടെ കേന്ദ്രമായിരുന്നു കോട്ടയം നഗരത്തിലേത്. ഇതിന്റെ നടത്തിപ്പ്, ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട ജ്യോതിക്കായിരുന്നു. സുലേഖയുമായുള്ള തർക്കത്തെത്തുടർന്നാണ് ജ്യോതി ഇവർക്കൊപ്പം പോയത്.
ഇവരോടൊപ്പമുണ്ടായിരുന്ന പെൺകുട്ടികളും ഇരുചേരികളിലായതോടെ സംഘങ്ങൾ തമ്മിലുള്ള പക ഇരട്ടിച്ചു. ഇതോടെ മാനസിനെ ആക്രമിച്ചതിന് പകരംവീട്ടാൻ അറസ്റ്റിലായ പ്രതി സുലേഖ തിരുവനന്തപുരത്തെ സംഘത്തിന് കൊട്ടേഷൻ നൽകുകയായിരുന്നു.
വ്യക്തമായ തെളിവുകളില്ലാതിരുന്ന കേസിൽ മൊബൈൽ ഫോൺ രേഖകൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.
കൊട്ടേഷൻ സംഘത്തിലെ അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കായി അന്വേഷണം നടത്തിവരുകയാണ്. കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ കെ.എസ്.വിജയൻ, എസ്.ഐ. റിൻസ് എം.തോമസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Share on