അനിയന്‍ മാത്യു
(പ്രസിഡന്റ്, എഐബിഇഎ സംസ്ഥാന കമ്മിറ്റി)
July 18, 2021, 4:17 am
നാടിന്റെ ധനസ്വാതന്ത്ര്യം സംരക്ഷിക്കാൻ ബാങ്കുകൾ പൊതുമേഖലയിൽ നിലനിൽക്കണം
2021 ജൂലൈ 19‑ന് രാജ്യം ബാങ്ക് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷിക ദിനം ആഘോഷിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഒട്ടേറെ ചരിത്രമുഹൂർത്തങ്ങൾക്ക് വേദിയായ പാർലമെന്റിൽ ഓർഡിനൻസിലൂടെ വന്ന വിവാദങ്ങൾ സൃഷ്ടിച്ച നിയമം പിന്നീട് രാജ്യം തീരുമാനിച്ച ഏറ്റവും വലിയ രാഷ്ട്രീയ തീരുമാനം എന്ന് വിലയിരുത്തൽ ഉണ്ടായി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ഇന്ത്യയിലെ 14 ബാങ്കുകളെ ഗവൺമെന്റിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവന്നതിന്റെ പേരിൽ ഭരണകക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിളർന്നു.
50 കോടി രൂപ നിക്ഷേപമുള്ള ബാങ്കുകൾ എന്നതായിരുന്നു ബാങ്കുകൾ ദേശസാൽക്കരിച്ചതിന്റെ മാനദണ്ഡം. ദേശസാല്‍ക്കരണത്തിനെ തുടർന്ന് സാമ്പത്തിക മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. രാജ്യത്ത് ആകമാനം ബാങ്ക് ശാഖകൾ തുറക്കപ്പെട്ടു. 1969‑ൽ 8262 ശാഖകൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഒന്നേകാൽ ലക്ഷം ശാഖകളായി എണ്ണം വർദ്ധിച്ചു. ഇതിൽ 92,000 ശാഖകളും പൊതുമേഖലാ ബാങ്കുകളുടേതാണെന്നതാണ് യാഥാർത്ഥ്യം.
1969 വരെ വരേണ്യവർഗത്തിന് മാത്രം പ്രാപ്യമായിരുന്ന ബാങ്കിങ് വാതിലുകൾ സാധാരണക്കാർക്കായി തുറക്കപ്പെട്ടു. ഗ്രാമീണ മേഖലയ്ക്ക് വിശേഷിച്ച് കാർഷിക, വ്യാവസായിക മേഖലയ്ക്ക് ഉയർത്തെഴുന്നേൽപ്പിനും വളർച്ചയ്ക്കും ഈ നടപടി ഏറെ പ്രയോജനം ചെയ്തു. മുൻഗണനാ വായ്പകൾ എന്ന ആശയം നിലവിൽ വന്നു. കർഷകർ, ചെറുകിട വ്യാപാരികൾ, സ്വയം തൊഴിൽ സംരംഭകർ, വിദ്യാഭ്യാസ മേഖല തുടങ്ങിയ വിഭാഗങ്ങൾക്ക് ധാരാളം വായ്പകൾ നൽകി. ഐആർഡിപി, പിഎംആർവൈ, പദ്ധതികൾ സാധാരണക്കാർക്ക് വരദാനമായി വലിയ തോതിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
ദേശസാൽക്കരണത്തിന് മുൻപ് എത്രയോ ബാങ്കുകൾ തകരുകയും നിക്ഷേപകർക്ക് നഷ്ടം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ ദേശസാൽക്കരണത്തിന് ശേഷം തകർന്ന ബാങ്കുകളെ ‘നഷ്ടം സഹിച്ചായിരുന്നെങ്കിലും’ പൊതുമേഖലാ ബാങ്കുകൾ ഏറ്റെടുത്തു. (ബാങ്ക് ഓഫ് കൊച്ചിൻ, നെടുങ്ങാടി ബാങ്ക്, പറവൂർ സെൻട്രൽ ബാങ്ക്.… ഉൾപ്പെടെ). ജനങ്ങളുടെ മിച്ച സമ്പാദ്യത്തെ രാഷ്ട്ര നിർമ്മാണത്തിന് പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ബാങ്ക്, ഇൻഷുറൻസ് മേഖലയുടെ ദേശസാൽക്കരണത്തിന്റെ മറ്റൊരു ലക്ഷ്യം.
1991ൽ ആണ് നവലിബറൽ‑സാമ്പത്തിക നയങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഐഎംഎഫും ലോകബാങ്കും അമേരിക്കയിലും യൂറോപ്പിലും നടപ്പിലാക്കിയ ആഗോളവൽക്കരണത്തിന്റെ ഭാഗമായിരുന്നു ഇത്. ഇന്ത്യയിലും ഈ നയങ്ങൾ നടപ്പിലാക്കാൻ ഭരണകൂടം വ്യഗ്രത കാട്ടി. എന്നാൽ 2008‑ൽ ആഗോള സാമ്പത്തിക മാന്ദ്യവും വൻകിട ബാങ്കുകളുടെ തകർച്ചയിലും നമ്മുടെ രാജ്യം തകരാതെ പോയത് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കിങ് സംവിധാനത്തിന്റെ കരുത്തുമൂലമായിരുന്നു എന്നത് ലോകം മുഴുവന്‍ അംഗീകരിച്ചു. ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിന്റെ 97 ശതമാനവും പൊതുമേഖലയിലാണ്. ഇതിനിടയിൽ പരീക്ഷണത്തിന് വിധേയമാക്കപ്പെട്ട പുതുതലമുറ ബാങ്കുകളിൽ ഗ്ലോബൽ ട്രസ്റ്റ് ബാങ്ക്, ടൈംസ് ബാങ്ക്, ബാങ്ക് ഓഫ് പഞ്ചാബ്, സെഞ്ചൂറിയൻ ബാങ്ക് എന്നിവരുടെ തകർച്ചയ്ക്കും നാം സാക്ഷികളാകേണ്ടി വന്നു.
മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് നേരിട്ട് ഉദ്ഘാടനം നിർവഹിച്ച രമേഷ് ഗല്ലി സ്ഥാപിച്ച ഗ്ലോബൽ ട്രസ്റ്റ് ബാങ്കിനെ ദേശസാൽകൃത ബാങ്കായ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സിലേക്ക് ലയിപ്പിച്ചതിലൂടെ ഒരു വലിയ തകർച്ച ഒഴിവായി എന്ന് ആശ്വസിക്കാം. 1996‑ൽ ലോക്കൽ ഏരിയ പ്രൈവറ്റ് ബാങ്ക് തുറക്കുവാനും 12608 പൊതുമേഖലാ ശാഖകൾ അടച്ചു പൂട്ടുവാനും ശ്രമമുണ്ടായി എങ്കിലും ശക്തമായ എതിർപ്പ് മൂലം നടപടികളിലേക്ക് പോകുവാൻ ഗവൺമെന്റിന് കഴിഞ്ഞില്ല. സ്വാതന്ത്ര്യം കിട്ടുമ്പോൾ കേവലം 1443 കോടി രൂപ മാത്രം ബിസിനസ് ഉണ്ടായിരുന്ന ബാങ്കിങ് മേഖല ഇന്ന് രണ്ടരലക്ഷം കോടിയിൽ എത്തി നിൽക്കുന്നു. കോർപ്പറേറ്റ് വായ്പകളിൽ പതിനൊന്ന് വൻകിടക്കാർ 9,16,000/- കോടി രൂപയാണ് എടുത്തിട്ടുള്ളത്. ഇതാകട്ടെ ബഹു. ഭൂരിപക്ഷവും കുടിശികക്കാരുടെ ഗണത്തിൽപ്പെടുന്നു. ഇത്തരക്കാരെ സംരക്ഷിക്കുന്നതിനായി മോഡി ഗവൺമെന്റ് കൊണ്ടുവന്ന എഫ്ആർഡിഐ ബില്ല് ശക്തമായ പ്രതിക്ഷേധം മൂലം പിൻവലിക്കുകയാണ് ഉണ്ടായത്. ഇപ്പോൾ ഗവൺമെന്റിന്റെ പുതിയ അജണ്ടയിലുള്ളത് Bad Bank, Insolvency Bankrupt Code തുടങ്ങിയ ആശയങ്ങളാണ്. ഇതൊക്കെ കോർപ്പറേറ്റുകളെ എങ്ങനെ സഹായിക്കാനാകും എന്നതിന്റെ പരീക്ഷണശാലകളായി മാറ്റുന്നു. പൊതുമേഖലാ ബാങ്കുകളുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെട്ടുകൊണ്ട് കിട്ടാക്കടം പെരുകുകയാണ്. ഇത് തിരിച്ചുപിടിക്കാൻ നിയമ നിർമ്മാണം നടത്തുന്നതിനുപകരമാണ് ബാഡ് ബാങ്ക് എന്ന പുത്തൻ ആശയത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. എൻപിഎ അഥവാ നോൺ പെർഫോമിങ് അസറ്റ്സ് എല്ലാം ഈ ബാങ്കിലേക്ക് മാറ്റപ്പെട്ടത്, കണക്കുകൾകൊണ്ട് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുറച്ചു കാണിക്കാനുള്ള ചെപ്പടിവിദ്യയാണ്.
1991‑ൽ തുടങ്ങിവച്ച പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾക്കുശേഷം ബാങ്കിങ് മേഖലകളിൽ എത്രയെത്ര കമ്മിറ്റികളാണ് നിലവിൽ വന്നത്. നരസിംഹ കമ്മിറ്റി, നചികേത് മോർ, നന്ദൻ നിലേക്കനി, രഘുറാം രാജൻ തുടങ്ങിയ എത്രയെണ്ണം. ഒക്കെ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നിർദ്ദേശങ്ങളാണ് രൂപപ്പെടുത്തിയത്. 92ൽ ഹർഷദ് മേത്തയിൽ തുടങ്ങിയ ഓഹരി കുംഭകോണം ഓഹരി മേഖലയെ മാത്രമല്ല ബാങ്കുകളേയും തകർത്തു. ബാങ്ക് ഓഫ് കാരട്, ബാങ്ക് ഓഫ് സിക്കിം, ബനാറസ് സ്റ്റേറ്റ് ബാങ്ക്, കേരളത്തിലെ ഒരു നൂറ്റാണ്ട് പഴക്കമുള്ള നെടുങ്ങാടി ബാങ്ക് ഉൾപ്പെടെ തകർന്നതിന്റെ കാരണം മറ്റൊന്നായിരുന്നില്ല. ബാങ്കുകൾ, സെബി, ആർബിഐ എല്ലാത്തിനേയും നോക്കുകുത്തിയാക്കിക്കൊണ്ടായിരുന്നു സത്യം കമ്പ്യൂട്ടേഴ്സ് തകർന്നത്. കമ്പനി ഉടമ രാമലിംഗരാജു നിക്ഷേപങ്ങളുടെ വ്യാജരേഖകൾ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. ഇവർ ഇന്ത്യയിൽ തന്നെ ഉണ്ടല്ലോ എന്ന് ആശ്വസിക്കുമ്പോൾ ആണ് ബാങ്ക് തട്ടിപ്പ് നടത്തി നാടുവിട്ടവരുടെ പേരുകൾ നമ്മുടെ മുൻപിൽ എത്തുന്നത്. കിങ്ഫിഷർ മല്യ, ജതിൻ മേത്ത, നീരവ് മോഡി, നിതിൻ സന്ദേസര തുടങ്ങിയവരുടെ തട്ടിപ്പുകളും നാടുവിട്ടതും ആദ്യ കാലങ്ങളിൽ വലിയ വാർത്തകളായിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെ ഓരോ ബാങ്കുകൾക്കും കോടിക്കണക്കിന് രൂപയുടെ ബാധ്യതകൾ ഉണ്ടാക്കി. ഇത് പല ബാങ്കുകളുടെയും ബാലൻസ് ഷീറ്റുകളില്‍ നഷ്ടത്തിന്റെ ചുവന്ന അക്ഷരങ്ങൾ രേഖപ്പെടുത്തി. ഇത്രയെല്ലാമായിട്ടും പൊതുമേഖലാ ബാങ്കുകളെ കാര്യക്ഷമമാക്കുവാനോ തട്ടിപ്പ് നടത്തുന്നവർക്കെതിരെ നിയമ നടപടികളോ നിയമനിർമ്മാണം നടത്തുന്നതിനോ അല്ല സർക്കാർ തയ്യാറാകുന്നത്. ബാങ്കുകളെ സ്വകാര്യവൽക്കരിക്കുവാനും ബാങ്കുകളെ കൊള്ളയടിച്ചവർക്ക് ഓഹരി കമ്പോളത്തിൽ നിന്നും ഷെയർ വാങ്ങി ബാങ്കുകളുടെ ഉടമസ്ഥരായി തിരിച്ചുവരുന്നതിനും ഇടയാക്കുന്ന നയപരിപാടികളിലാണ് എത്തിച്ചേരുന്നത്.
2017 ഏപ്രിലാണ് രാജ്യത്ത് ആദ്യമായി ഏറ്റവും വലിയ ബാങ്ക് ലയനം നടക്കുന്നത് എസ്ബിഐയും അസോസിയേറ്റ് ബാങ്കുകളും മഹിളാ ബാങ്കും. മഹിളാ ബാങ്ക് പരീക്ഷണങ്ങളുടെ തകർച്ച ആയിരുന്നെങ്കിൽ നൂറു വർഷം വരെ പാരമ്പര്യമുള്ള ബാങ്കുകളായിരുന്നു അസോസിയേറ്റ് ബാങ്കുകൾ. ആഗോള ബാങ്ക് എന്നതാണ് ലയനത്തിന് പ്രേരിപ്പിച്ചത് എന്നുപറയുമ്പോഴും നാലുവർഷം പിന്നിടുമ്പോൾ ലയനം നല്ലതായിരുന്നില്ല എന്നാണ് കണക്കുകൾ പറയുന്നത്. 42 ലക്ഷത്തോളം ഇടപാടുകാരെ നഷ്ടമായി എന്നതു മാത്രമല്ല ആയിരത്തിലധികം ശാഖകൾ അടച്ചുപൂട്ടി. ഗ്രാമങ്ങളിൽ നിന്നും ശാഖകൾ അപ്രത്യക്ഷമാകുന്നു. പ്രതിവർഷം ആയിരക്കണക്കിന് അഭ്യസ്തവിദ്യർക്ക് തൊഴിൽ ലഭ്യമായിരുന്നെങ്കിൽ അതും നഷ്ടമാകുന്നു.
ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് നിഘണ്ടുവിൽ പുതിയ പദങ്ങൾ എഴുതി ചേർക്കപ്പെട്ടിരിക്കുന്നു. ഗവൺമെന്റ് പേ ഔട്ട് പാവങ്ങൾക്ക് നൽകുമ്പോൾ സബ്സിഡി, വ്യവസായിക്ക് ഇൻസെന്റീവ്, കർഷകന്റെ വായ്പാ ലോൺ വേവർ, കോർപ്പറേറ്റുകൾക്ക് റിട്ടൺ ഓഫ്, റീപേ-റീ ഷെഡ്യൂൾ, ഡെബ്റ്റ് റീ സ്ട്രക്ച്ചർ, എൻപിഎ, ബാഡ് ലോൺ. ഇതിനെല്ലാം അല്പം പോലും അർത്ഥ വ്യത്യാസമില്ലെങ്കിലും വാക്കുകൾ കൊണ്ട് കോർപ്പറേറ്റുകൾക്ക് നൽകുന്ന മാന്യത മാത്രമാണ് അർത്ഥവ്യത്യാസം.
ധനകാര്യ മന്ത്രിയുടെ പുതിയ വെളിപ്പെടുത്തൽ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ഓവർസീസ് ബാങ്കും വിൽക്കുന്നു എന്നാണ്. ബാങ്കുകൾ മാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി വിറ്റഴിക്കുന്നു. ഐഡിബിഐ ബാങ്കിന് എൽഐസി നൽകിയ 5000 കോടിയില്‍ 4000 കോടി മാത്രമാണ് തിരിച്ചുകിട്ടിയത്. 1000 കോടി എൽഐസി സഹിക്കണം. ആർക്കുവേണ്ടി? എന്തിനു വേണ്ടി? തലതിരിഞ്ഞ സാമ്പത്തിക നയം എന്നുമാത്രമാണ് ഉത്തരം.
2001 ലെ റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശത്തെ തുടർന്ന് രംഗത്തുവന്ന യെസ് ബാങ്കാണ് അടുത്തകാലത്ത് തകർന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് അവിടെയും രക്ഷക്കെത്തിയത്. 2015 ൽ വീണ്ടും സ്വകാര്യ ബാങ്കിങ് മേഖലയെ പ്രോത്സാഹിപ്പിക്കാൻ ശ്രമമുണ്ടായി. 2018 ഏപ്രിലിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെയുള്ള മുഴുവൻ പൊതുമേഖലാ ബാങ്കുകളും സ്വകാര്യവൽക്കരിക്കണമെന്ന് നിതി ആയോഗിന്റെ മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗേറിയ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അതേ സമയത്തു തന്നെ പൊതുമേഖലാ ബാങ്കുകൾ സ്വകാര്യ വൽക്കരിക്കണമെന്ന് നന്ദൻ നിലേക്കനിയും നിർദ്ദേശിച്ചിരുന്നു. ബാങ്ക് റഗുലേഷൻ ആക്ട് ഭേദഗതി ചെയ്ത് സ്വകാര്യ ബാങ്കുകളിലെ വോട്ടവകാശ പരിധി വർധിപ്പിച്ചത് കോർപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടിയായിരുന്നു. കോർപ്പറേറ്റുകൾക്ക് അതു മതിയായില്ല. അവർക്ക് സ്വന്തമായി ബാങ്ക് വേണം. റിസർവ് ബാങ്കിന്റെ വ്യവസ്ഥ അനുസരിച്ച് കോർപ്പറേറ്റുകൾക്ക് ബാങ്ക് ലൈസൻസ് കൊടുക്കാനാകുമായിരുന്നില്ല. ഈ തടസം മാറ്റി ചങ്ങാതിമാരായ കോർപ്പറേറ്റു മുതലാളിമാരെ സഹായിക്കാനുള്ള മോഡി സർക്കാരിന്റെ താല്പര്യത്തിനനുസൃതമായി റിസർവ് ബാങ്ക് ഒരു വർക്കിങ് ഗ്രൂപ്പിനെ റിപ്പോർട്ട് ഉണ്ടാക്കാൻ നിയോഗിക്കുകയായിരുന്നു.
റിസർവ് ബാങ്ക് സൈറ്റിലുള്ള കർമ്മസമിതി റിപ്പോർട്ടിന്റെ അനുബന്ധം പരിശോധിച്ചാൽ ഒരു കാര്യം മനസിലാവും. കമ്മിറ്റി അഭിപ്രായം തേടിയ വിദഗ്ധരിൽ ഒരാളൊഴികെ മറ്റെല്ലാവരും വലിയ കോർപ്പറേറ്റുകൾക്ക് സ്വന്തമായി ബാങ്ക് തുടങ്ങാൻ അനുമതി നൽകരുതെന്നാണ് അഭിപ്രായപ്പെട്ടത്. ബാങ്കിന്റെ ഉടമസ്ഥരാകുന്ന കോർപ്പറേറ്റുകൾ ജനങ്ങളുടെ പണം നിക്ഷേപമായി സമാഹരിച്ച് സ്വന്തം നിലയിൽ വായ്പയാക്കി എടുത്ത് ഉപയോഗിക്കുകയും ഒടുവിൽ കൃത്യമായ തിരിച്ചടവിന് തയ്യാറാകാതെ വരികയും ചെയ്യുന്നത് ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ തകർച്ചക്കു തന്നെയിടയാക്കും. ബാങ്കിങ് മേഖലയെ എങ്കിലും രാഷ്ട്രീയ കോർപ്പറേറ്റ് അതിപ്രസരമില്ലാത്ത സ്വതന്ത്രസംവിധാനമായി നിലനിർത്തണമെന്ന് രാജ്യത്തിന്റെ പൊതുതാല്പര്യം കാംക്ഷിക്കുന്ന സാമ്പത്തിക വിദഗ്ധരെല്ലാം ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ തകരാറിലാക്കുന്ന വിനാശകരമായ ഈ നീക്കത്തെ എതിർക്കാനും നാടിന്റെ ധനസ്വാതന്ത്യം സംരക്ഷിക്കാനും ജനാധിപത്യവാദികളായ മുഴുവൻ ജനങ്ങളും ഉണർന്നെഴുന്നേൽക്കണം.
പുറകിലേക്ക്