സുരേഷ് എടപ്പാള്‍
July 11, 2021, 5:11 am
ഡോ. പി കെ വാരിയര്‍: രാഷ്ട്രീയ ‑സാമൂഹ്യരംഗങ്ങളിലെ കർമയോഗി
സുരേഷ് എടപ്പാള്‍
സമരങ്ങളുടേയും ലഹളയുടേയും ബഹളങ്ങള്‍ക്കിടയിലേക്കായിരുന്നു ഡോ. പി കെ വാരിയരെന്ന് പില്‍ക്കാലം സ്‌നേഹാദരങ്ങളോടെ വിളിച്ച പി കൃഷ്ണന്‍കുട്ടി വാരിയരുടെ ജനനം. സ്വാതന്ത്ര്യസമരവും മലബാറിലെ മാപ്പിളലഹളയും പാരമ്യത്തിലെത്തിയ കാലം. കോടിതലപ്പണ ശ്രീധരന്‍നമ്പൂതിരിയുടെയും പന്ന്യമ്പളി വാരിയത്ത് കുഞ്ഞിവാരസ്യാരുടെയും മകനായി 1921 ജൂണ്‍ അഞ്ചിന് ഡോക്ടര്‍ വാരിയര്‍ പിറന്നു. കൃഷ്ണന്‍കുട്ടിക്ക് മൂന്നുമാസം പ്രായമായപ്പോഴേക്കും മലബാറില്‍ ലഹള തുടങ്ങി. കുടുംബങ്ങളെയെല്ലാം കോഴിക്കോട്ടേക്ക് മാറ്റി. കൃഷ്ണന് പന്ത്രണ്ട് വയസായപ്പോഴേക്കും അച്ഛന്‍ മരിച്ചു. പെട്ടെന്നായിരുന്നു അച്ഛന്റെ മരണം. കോഴിക്കോട്ടും കോട്ടക്കലുമായുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അമ്മാവന്‍ വൈദ്യരത്‌നം പി എസ് വാരിയരുടെ പാതപിന്തുടരാനുള്ള തീരുമാനം കൃഷ്ണന്റെ ജീവിതം മാറ്റി മറിച്ചു.
പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ എന്‍ജിനീയറാകാനായിരുന്നു മോഹം. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആയുര്‍വേദത്തിന്റെ വഴിയേ കൃഷ്ണന്‍ യാത്രതുടങ്ങിയത്. ആയുര്‍വേദം പഠിക്കേണ്ടത് ദേശീയ സമരത്തിന്റെ ഭാഗമാണെന്ന ആശയം ഉയര്‍ന്നിരുന്നെങ്കിലും അതിനോട് യോജിക്കാന്‍ പലര്‍ക്കുമായിരുന്നില്ല. അവസാനം ഇഎംഎസാണ് തീര്‍പ്പുണ്ടാക്കിയത്. അദ്ദേഹം വാരിയരോട് പറയുന്നുണ്ട് ”മണ്ണാന്‍ വൈദ്യന്റെ അടുത്തുപോയാല്‍ കുട്ടികളുടെ രോഗം ചികിത്സിച്ചുമാറ്റാം. പക്ഷെ എങ്ങനെയാണ് മാറിയത് എന്ന് പറയാന്‍ അയാള്‍ക്ക് അറിയില്ല. അതുകണ്ടുപിടിക്കലാണ് നിങ്ങളുടെ ജോലി. അതിന് ആയുര്‍വേദം ശാസ്ത്രീയമായി പഠിക്കണം”. പാരമ്പര്യ ആയുര്‍വേദ ചികിത്സയുടെ ശാസ്ത്രീയത തേടിയുള്ള അന്വേഷണം കൃഷ്ണന്‍കുട്ടി വാരിയരെന്ന യുവാവിനെ 1940ല്‍ ആയുര്‍വേദകോളജിലെത്തിച്ചു. നാട്ടിലാണെങ്കില്‍ സ്വാതന്ത്ര്യസമരം പാരമ്യത്തില്‍. വൈദ്യംപഠിക്കാന്‍ തുടങ്ങിയെങ്കിലും കൃഷ്ണന്റെ മനസ്സുമുഴുവന്‍ നാട്ടിലെ സംഭവങ്ങളിലായിരുന്നു. കോണ്‍ഗ്രസില്‍ തന്നെ ഇടതുപക്ഷം രൂപപ്പെടുന്ന കാലം. കോട്ടക്കലില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെല്‍ രൂപപ്പെട്ടു. വൈദ്യശാലയുടെ പിന്‍ഭാഗത്തെ പാടത്ത് ചിമ്മിനിവിളക്കിന്റെ ചുറ്റും അവര്‍ അഞ്ചെട്ട് പേരിരുന്നു. അതില്‍ കൃഷ്ണനുമുണ്ടായിരുന്നു. ”മുതലാളിത്ത സമൂഹമാണിത്. ഇവിടെ മനുഷ്യര്‍ മൃഗങ്ങളെ പോലെയാണ്. ഇത് നിര്‍ത്തണമെങ്കില്‍ സോഷ്യലിസ്റ്റ് സമൂഹം ഉണ്ടായേ തീരൂ. അതിന് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ നാം ഒരുങ്ങണം”. കല്ലാട്ട് കൃഷ്ണന്‍ സംസാരിച്ചുതുടങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി കേഡര്‍മാരെ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.
1939ല്‍ കോട്ടക്കല്‍ പറപ്പൂരില്‍ കോണ്‍ഗ്രസിന്റെ പതിനൊന്നാം സംസ്ഥാന രാഷ്ട്രീയസമ്മേളനം നടന്നു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തിലായിരുന്നു സമ്മേളനം. ഈ സമ്മേളനത്തിലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം പ്രസിദ്ധപ്പെടുത്തിയ ആദ്യലഘുലേഖ പുറത്തുവന്നത്. ഐക്യത്തിന്റെ ശത്രു, സമരത്തിന്റെ ശത്രു എന്നായിരുന്നു ലഘുലേഖയുടെ തലക്കെട്ട്. ലഘുലേഖ വിതരണം ചെയ്യുന്നത് രാജ്യദ്രോഹമാണ്. സിഐഡികളുടെ കണ്ണില്‍ പെടാതെ വേണം വിതരണം. കൃഷ്ണനും കൂട്ടുകാരും ലഘുലേഖ വിതരണം ഏറ്റെടുത്തു. ലഘുലേഖ ചെറുതായി മടക്കി പ്രതിനിധികളുടെ കീശയിലിട്ട് ഒന്നും അറിയാത്ത പോലെ മാറിനില്‍ക്കും. കോട്ടക്കലില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ടുവരികയായിരുന്നു. നാടുമുഴുവന്‍ സമരം നിറഞ്ഞുനില്‍ക്കുന്ന കാലം. കൃഷ്ണന് വെറും കാഴ്ച്ചക്കാരനാകാന്‍ പറ്റിയില്ല. പല ഭാഗത്തും വിദ്യാര്‍ത്ഥികള്‍ പഠിപ്പുനിര്‍ത്തി. ആ ഒഴുക്കില്‍ കൃഷ്ണനും പെട്ടു. 1942ല്‍ പഠിപ്പുനിര്‍ത്തി സമരത്തിനിറങ്ങി. എന്‍ വി കൃഷ്ണന്‍കുട്ടി വാരിയരും കൂടെയുണ്ടായിരുന്നു. യുദ്ധവിരുദ്ധപ്രചാരണമായിരുന്നു മുഖ്യപ്രവര്‍ത്തനം. നിലമ്പൂര്‍, മഞ്ചേരി, പരപ്പനങ്ങാടി മേഖലകളായിരുന്നു മേഖലകള്‍. കവലയോഗങ്ങളില്‍ പ്രസംഗിക്കുക, ജാപ്പ് വിരുദ്ധകവിത ചൊല്ലുക എന്നിങ്ങനെയായിരുന്നു പരിപാടി. കൃഷ്ണനെ കോട്ടക്കലിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജ്യേഷ്ഠന്‍ ആളെ അയച്ചെങ്കിലും മടങ്ങിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൃഷ്ണനും എന്‍ വി കൃഷ്ണന്‍കുട്ടി വാരിയരും കോട്ടക്കലിലേക്ക് മടങ്ങിയത്. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കുപ്പായം മാറ്റിവച്ച് ആതുരസേവകനായപ്പോഴും ആ പഴയ നാളിലെ സ്മരണകള്‍ എന്നും ഡോ. പി കെ വാരിയര്‍ക്കുണ്ടായിരുന്നു.
വൈദ്യമേഖലയില്‍ മാത്രമല്ല, മലബാറിന്റെ പോരാട്ട ചരിത്രത്തിന്റെ ഞരമ്പുകളിലും പി കെ വാരിയരുടെ പേരും ഒഴുകുന്നുണ്ടെന്ന് ആരെങ്കിലും ഓര്‍മ്മപ്പെടുത്തുമ്പോള്‍ ആ മുഖം കൂടുതല്‍ പ്രസന്നമാകും. ആര്യവൈദ്യശാലയിലെ തൊഴിലാളികളോട് അദ്ദേഹം പുലര്‍ത്തിയ മനോഭാവം പിന്നിട്ട വഴിയിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും രൂപപ്പെട്ടതുതന്നെയാണ്. പി കെ വാരിയരുടെ ജീവിതം പഠിക്കുമ്പോഴെല്ലാം മുമ്പില്‍ വന്നു നില്‍ക്കുന്നതും സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ മുന്‍നിരയില്‍ നിലയുറപ്പിച്ച അദ്ദേഹത്തിന്റെ ബാല്യകാല ചിത്രമാണ്. ജീവിതത്തിന്റെ അവസാനം വരെ പോരാട്ടവീര്യം കാത്തുസൂക്ഷിക്കാന്‍ പി കെ വാരിയര്‍ക്ക് പ്രചോദനം നല്‍കിയത് ബാല്യത്തിലെ തീവ്രാനുഭവങ്ങള്‍ തന്നെയായിരിക്കണം.