comparemela.com


Jul 17, 2021, 12:25 PM IST
ദിലീപ് കുമാറിന്റെ പ്രിയപ്പെട്ട ``ചോട്ടി ബഹൻ''. മറവിയുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴും ആ മനസ്സിൽ തന്റെ  പേരും രൂപവും ഉണ്ടായിരുന്നു എന്ന അറിവിന് മുന്നിൽ കണ്ണീരോടെ പ്രണമിക്കുന്നു  ഇന്ത്യയുടെ വാനമ്പാടി.
# രവിമേനോൻ 
ദിലീപ് കുമാറിനൊപ്പം ലതാ മങ്കേഷ്കർ
മറവിയുടെ മായാതീരത്തായിരുന്നു വർഷങ്ങളായി ദിലീപ് കുമാർ. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊന്നും തിരിച്ചറിയാനാവാത്ത അവസ്ഥ. സംസാരം പോലും പേരിന് മാത്രം. അതുകൊണ്ടുതന്നെ ജ്യേഷ്ഠതുല്യനായ മഹാനടനെ ചെന്നുകാണാൻ ബാന്ദ്രയിലെ വസതിയിലേക്ക് പുറപ്പെടുമ്പോൾ ആകെ അസ്വസ്ഥമായിരുന്നു ഗായികയായ കൊച്ചുപെങ്ങളുടെ മനസ്സ്: യൂസുഫ് സാഹിബിന് തന്നെ തിരിച്ചറിയാൻ കഴിയാതെ വന്നാലോ ? ആ ദുഃഖം എങ്ങനെ സഹിക്കാനാകും തനിക്ക് ?
രോഗപീഡകളും മറവിയുവുമായി മല്ലടിച്ചു തളർന്ന് ഭർത്താവ് മയങ്ങുന്ന മുറിയിലേക്ക് സന്ദർശകയെ അനുഗമിക്കേ, ദിലീപിന്റെ ഭാര്യ സൈരാബാനു മുന്നറിയിപ്പ് നൽകിയിരുന്നു: ``ദീദിയെ യൂസുഫ് സാബ് തിരിച്ചറിഞ്ഞില്ലെങ്കിൽ വേദനിക്കരുത്. കുറച്ചു കാലമായി ഇങ്ങനെയാണ് അദ്ദേഹം.''
പക്ഷേ സൈരയെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, കിടപ്പുമുറിയുടെ വാതിൽ തുറന്നു കൈകൂപ്പി കടന്നുവന്ന വിരുന്നുകാരിയുടെ മുഖത്ത് നോക്കി ചിരിച്ചു ദിലീപ്. പിന്നെ പതുക്കെ ചുണ്ടുകളനക്കി: ``ലത''. ജീവിതത്തിൽ ഏറ്റവും ആഹ്ലാദം തോന്നിയ നിമിഷങ്ങളിൽ ഒന്നായിരുന്നു അതെന്ന് പറയും ലത മങ്കേഷ്കർ; ദിലീപ് കുമാറിന്റെ പ്രിയപ്പെട്ട ``ചോട്ടി ബഹൻ''. മറവിയുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴും ആ മനസ്സിൽ തന്റെ പേരും രൂപവും ഉണ്ടായിരുന്നു എന്ന അറിവിന് മുന്നിൽ കണ്ണീരോടെ പ്രണമിക്കുന്നു ഇന്ത്യയുടെ വാനമ്പാടി.
ലതയെ തിരിച്ചറിയുക മാത്രമല്ല, ലതയോടൊപ്പം തനിക്കേറ്റവും പ്രിയപ്പെട്ട ഒരു പാട്ടിന്റെ വരികൾ മൂളാൻ ശ്രമിക്കുക കൂടി ചെയ്തു ദിലീപ്. ``മുസാഫിർ'' (1957) എന്ന ചിത്രത്തിൽ ലതയോടൊപ്പം താൻ തന്നെ പാടിയ ലാഗി നാഹീ ചൂട്ടേ രാം എന്ന യുഗ്മഗാനത്തിന്റെ. ദിലീപ് സിനിമക്ക് വേണ്ടി ആദ്യമായും അവസാനമായും പാടിയ പാട്ട്. സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ ആഗ്രഹമായിരുന്നു അഭിനയചക്രവർത്തിയെക്കൊണ്ട് സിനിമയിൽ പാടിക്കണമെന്ന്. ആദ്യം ഒഴിഞ്ഞുമാറാനാണ് ദിലീപ് ശ്രമിച്ചതെന്ന് ലത. ``പക്ഷേ എനിക്കറിയാമായിരുന്നു യൂസുഫ് സാഹിബ് മനോഹരമായി പാടുമെന്ന്. സ്വകാര്യ നിമിഷങ്ങളിൽ കഠിനമായ ശാസ്ത്രീയ ഗാനങ്ങൾ പോലും അദ്ദേഹം ആസ്വദിച്ച് പാടുന്നത് കേട്ടിട്ടുണ്ട് ഞാൻ.''
സലിൽദായുടെയും ``മുസാഫിറി''ന്റെ സംവിധായകൻ ഋഷികേശ് മുഖർജിയുടെയും നിർബന്ധത്തിന് വഴങ്ങി സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ പാടാൻ ചെന്നുനിന്ന കഥ പിന്നീട് ദിലീപ് അഭിമുഖങ്ങളിൽ വിവരിച്ചിട്ടുണ്ട്. ``ഒപ്പം പാടുന്നത് ലതയാണ്. സ്വാഭാവികമായും ചെറിയൊരു പരിഭ്രമം തോന്നി. എന്നാൽ പാടിത്തുടങ്ങിയതോടെ മറ്റെല്ലാം മറന്നു. സലിൽദാക്കും എന്റെ പാട്ട് ഇഷ്ടപ്പെട്ടെന്നു തോന്നുന്നു.'' അഭിനയത്തിലെന്നപോലെ പാട്ടിലും തോറ്റുകൊടുക്കാൻ മനസ്സില്ലായിരുന്നു ദിലീപിനെന്ന് ലത. അടിമുടി പ്രൊഫഷണൽ ആയിരുന്നല്ലോ അദ്ദേഹം.
അഭിനേതാവായിരുന്നില്ലെങ്കിൽ നല്ലൊരു പാട്ടുകാരനായേനെ ദിലീപ് കുമാർ. സംഗീതത്തോട് അത്രയ്ക്കുണ്ട് അഭിനിവേശം. മുസാഫിറിനു ശേഷം എന്തുകൊണ്ട് സിനിമയിൽ പിന്നണി പാടിയില്ല എന്ന ചോദ്യത്തിന് ഒരിക്കൽ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ: `` എന്റെ ഹൃദയ വികാരങ്ങൾ എന്നേക്കാൾ ഭംഗിയായി ഉൾക്കൊള്ളാനും പാട്ടിൽ ആവിഷ്കരിക്കാനും മുഹമ്മദ് റഫിയും തലത്ത് മഹമൂദും മുകേഷുമൊക്കെ ഉള്ളപ്പോൾ ഞാനെന്തിന് അതിനു സമയം മിനക്കെടുത്തണം?'' സംശയമുണ്ടെങ്കിൽ ശാം-എ-ഗം കി കസം (ഫുട്പാത്ത്), സുഹാനാ സഫർ (മധുമതി), ദോ സിതാരോം കാ സമീൻ പർ (കോഹിനൂർ), മാംഗ് കേ സാഥ് തുംഹാര (നയാ ദൗർ), നൈന ലഡ് ജൈഹേ (ഗംഗാ ജംനാ), തേരെ ഹുസ്ന് കി ക്യാ താരീഫ് കരൂം (ലീഡർ) എന്നീ ഗാനരംഗങ്ങൾ കണ്ടുനോക്കുക.
പ്രായാധിക്യത്തിന്റെ അവശതകളും ഓർമ്മത്തെറ്റുകളുമായി സ്വന്തം മുറിയുടെ ഏകാന്തതയിൽ കഴിയുമ്പോഴും ഹിന്ദി സിനിമയിലെ പഴയ മെലഡികൾ തന്നെയായിരുന്നു ദിലീപ് കുമാറിന് കൂട്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നു സൈരാബാനു. റഫി സാഹിബും ലതാജിയും തലത്തും മുകേഷുമെല്ലാം ഇടതടവില്ലാതെ പാടിക്കൊണ്ടിരുന്നു ആ കാതുകളിൽ. നിത്യസുന്ദരമായ ആ ഗാനങ്ങളിൽ മുഴുകി മയങ്ങിക്കിടന്നു അദ്ദേഹം. പാട്ടുകളുടെ ചിറകിലേറി, പോയി മറഞ്ഞ ഒരു വസന്തകാലത്തേക്ക് സഞ്ചരിക്കുകയായിരുന്നിരിക്കുമോ ആ മനസ്സ്. ആർക്കറിയാം? എന്തായാലും അതൊരു വിഷാദകാലമാവില്ല. തീർച്ച.
Content Highlights : Dilip Kumar Lata Mangheskar Paattuvazhiyorathu
PRINT

Related Keywords

India ,Dileep Kumar ,Lata Mangeshkar ,Dilip Kumar , ,India Nightingale ,இந்தியா ,திலீப் குமார் ,லதா மங்கேஷ்கர் ,நீர்த்துப்போக குமார் ,

© 2024 Vimarsana

comparemela.com © 2020. All Rights Reserved.