Saturday 17 Jul 2021 12.03 PM
'സ്ത്രീപക്ഷ കേരള'ത്തില്‍ നിയമപരമായി ജോലി ചെയ്ത ഉദ്യോഗസ്ഥയെ അപമാനിക്കുന്നു; വി.ഡി സതീശന്
ന്യുനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗത്തില്‍ യു്.ഡി.എഫ് ഒറ്റക്കെട്ടായി ഒരു നിര്‍ദേശം വച്ചിട്ടുണ്ട്. ഇപ്പോള്‍ കിട്ടുന്ന സ്കോളര്‍ഷിപ്പ് എണ്ണം കുറയ്ക്കരുത്. ഇപ്പോള്‍ കിട്ടാത്ത ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നല്‍കണം.
കോട്ടയം: നിയമപരമായി ജോലി ചെയ്തതിന്റെ പേരില്‍ റവന്യു വകുപ്പില്‍ വനിത ഉദ്യോഗസ്ഥയെ സര്‍ക്കാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. റവന്യൂമന്ത്രിയോട് ചോദിക്കുമ്പോള്‍ ഒന്നുമറിയില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്. വകുപ്പ് ഭരിക്കുന്നത് മന്ത്രി തന്നെയാണോ അതോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണോ എന്ന് വ്യക്തമാക്കണം. വനിത മതില്, നവോത്ഥാന കേരളം, സ്ത്രീപക്ഷ കേരളം എന്നിങ്ങനെയൊക്കെയുള്ള സംസ്ഥാനത്താണ് സത്യസന്ധമായി ജോലി ചെയ്ത ഒരു വനിതാ ഉദ്യോഗസ്ഥ പീഡിപ്പിക്കപ്പെടുന്നത്.- പ്രതിപക്ഷ നേതാവ് കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
റവന്യു വകുപ്പില്‍ നിയമപരമായ കാര്യം ചെയ്തതിന്റെ പേരില്‍ അണ്ടര്‍ സെക്രട്ടറിയായ വനിത ഉദ്യോഗസ്ഥ മാനസികമായി പീഡനം നേരിടുകയാണ്. വിവരാവകാശ രേഖപ്രകാരം നിയമപരമായി കൊടുക്കാന്‍ ബാധ്യതപ്പെട്ട രേഖകളാണ് അവര്‍ നല്‍കിയത്. രണ്ട് മാസം അവരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. എന്നിട്ടും അരിശം തീരാഞ്ഞിട്ട്., നേരത്തെ നല്കിയ ഗുഡ് സര്‍വീസ് എന്‍ട്രി പ്രിന്‍സിപ്പല്‍ സെക്രട്ടറി പിന്‍വലിക്കുന്നു. അവരുടെ സത്യസന്ധതയേയും വിശ്വാസ്യതയേയും ചോദ്യം ചെയ്യുന്നു.
മന്ത്രിയോട് ചോദിക്കുമ്പോള്‍ അദ്ദേഹത്തിന് അറിയില്ലെന്ന് പറയുന്നു. വകുപ്പില്‍ നടക്കുന്നത് മന്ത്രി അറിയണം. വനിത മതില്, നവോത്ഥാന കേരളം, സ്ത്രീപക്ഷ കേരളം എന്നൊക്കെ പറഞ്ഞ് നടക്കുന്ന സംസ്ഥാനത്താണ് ഒരു വനിതാ ഉദ്യോഗസ്ഥ പീഡിപ്പിക്കപ്പെടുന്നത്. നൂറുകണക്കിന് കോടി രുപയുടെ മരംകൊള്ളയ്ക്ക് ഒത്താശ ചെയ്ത് വിചിത്ര ഉത്തരവിറക്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടിയില്ല. അദ്ദേഹത്തിന്റെ പ്രതികാര നടപടി ഇ്രതയും കാലമായിട്ടും മന്ത്രി അറിഞ്ഞില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്ക്കുകയാണെങ്കില് മറ്റു പ്രതിപക്ഷത്തിന് നടപടികളിലേക്ക് കടക്കേണ്ടിവരും- വി.ഡി സതീശന് പറഞ്ഞു.
ന്യുനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് ഒരു അടിസ്ഥാനവുമില്ല. സര്‍വകക്ഷിയോഗത്തില്‍ യു്.ഡി.എഫ് ഒറ്റക്കെട്ടായി ഒരു നിര്‍ദേശം വച്ചിട്ടുണ്ട്. ഇപ്പോള്‍ കിട്ടുന്ന സ്കോളര്‍ഷിപ്പ് എണ്ണം കുറയ്ക്കരുത്. ഇപ്പോള്‍ കിട്ടാത്ത ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നല്‍കണം. അതിനോട് ഏകദേശം അടുത്തിരിക്കുന്ന തീരുമാനമാണ് വന്നിരിക്കുന്നത്.
സച്ചാര്‍-പാലോളി കമ്മിറ്റികളുടെ റിപ്പോര്‍ട്ട് നിലനിര്‍ത്തി ക്രിസ്ത്യന്‍ വിഭാഗത്തിന് വേണ്ടി നിയോഗിച്ചിരിക്കുന്ന ജസ്റ്റീസ് കോശി കമ്മീഷന് റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ അതുംകൂടി പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് യു.ഡി.എഫ് നിലപാട്.
യു.ഡി.എഫിന് മാത്രമാണ് ഇക്കാര്യത്തില്‍ അഭിപ്രായമുണ്ടായിരുന്നുള്ളു. സി.പി.എമ്മിനോ സി.പി.ഐക്കോ സര്‍ക്കാരിനോ ഇക്കാര്യത്തില്‍ അഭിപ്രായമുണ്ടായിരുന്നില്ല.
സ്കോളര്‍ഷിപ്പില്‍ മുസ്ലീം സമുദായത്തിന് നഷ്ടമുണ്ടായി എന്ന് താന്‍ പറഞ്ഞിട്ടില്ല. മുസ്ലീം, പരിവര്‍ത്തിത ക്രിസ്ത്യന്‍, ലത്തീന്‍ സമുദായത്തിന് കിട്ടുന്ന സ്കോളര്‍ഷിപ്പ് നിലനിര്‍ത്തി, പുതിയ സ്േകാളര്‍ഷിപ്പ് കൊണ്ടുവരണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Ads by Google