comparemela.com


X
ന്യൂഡൽഹി: ഭരണപക്ഷനേതാക്കളുടെയും സംഘപരിവാർ നേതാക്കളുടെയും ഫോൺ വിവരങ്ങളും ഇസ്രയേലി ചാര സോഫ്റ്റ്‌വേറായ ‘പെഗാസസ്’ ഉപയോഗിച്ച് ചോർത്തിയെന്ന് വെളിപ്പെടുത്തൽ. പ്രതിപക്ഷാംഗങ്ങൾ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോൺവിവരം ചോർത്തിയെന്ന് ഞായറാഴ്ച പുറത്തുവിട്ട വാർത്താ പോർട്ടലായ ‘ദ വയർ’ തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്. ഫോൺചോർത്തൽ അന്വേഷിച്ച 17 രാജ്യങ്ങളിലെ മാധ്യമങ്ങളുടെ കൂട്ടായ്മയിലെ ഇന്ത്യയിലെ പങ്കാളിയാണ് ‘ദ വയർ.’
പുതുതായി മോദി മന്ത്രിസഭയിൽ അംഗമായ ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്, ജലശക്തിമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ എന്നിവരുടെ ഫോൺ നമ്പറുകൾ ചോർത്തലിന് ഇരയായെന്ന്‌ കരുതുന്ന നമ്പറുകളുടെ പട്ടികയിലുണ്ട്. ഇവരുടെ അടുപ്പക്കാരുടെ നമ്പറുകളുമുണ്ട്. ഫോൺ ചോർത്തലുണ്ടായിട്ടില്ലെന്ന് തിങ്കളാഴ്ച പാർലമെന്റിൽ അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെതന്നെ ഫോൺ നമ്പർ പട്ടികയിലുണ്ടെന്ന വിവരമെത്തിയത്.
രണ്ടാംഘട്ട പട്ടികയിലുള്ള പല നമ്പറുകളും ഫൊറൻസിക് പരിശോധന നടത്തി ചോർത്തൽ സ്ഥിരീകരിച്ചവയല്ലെന്ന് വെളിപ്പെടുത്തലിലുണ്ട്. എങ്കിലും ഇവ നിരീക്ഷണത്തിലോ നിരീക്ഷിക്കാൻ സാധ്യതയുള്ളവയോ ആണ്.
2017-ലാണ് അശ്വിനി വൈഷ്ണവിന്റെയും ഭാര്യയുടെയും ഫോൺ നമ്പറുകൾ നിരീക്ഷിച്ചത്. വിനോദസഞ്ചാര, സാംസ്കാരിക വകുപ്പുകളിൽ സ്വതന്ത്രചുമതലയിൽ ഇരിക്കുമ്പോഴാണ് പ്രഹ്ലാദ് പട്ടേലിന്റെ ഫോൺ നിരീക്ഷണത്തിലായത്. ഇദ്ദേഹത്തിന്റെയും അടുപ്പക്കാരുടേതുമായി 18 ഫോൺ നമ്പറുകളാണ് നിരീക്ഷണത്തിലുള്ളത്. ഭാര്യ, ഓഫീസ് ജീവനക്കാർ, പാചകക്കാർ, തോട്ടക്കാർ തുടങ്ങി 15 പേരുടെ നമ്പറുകളുമുണ്ട്. രണ്ട്‌ മന്ത്രിമാരുടെയും ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തിയിട്ടില്ല.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 2018 മധ്യം മുതൽ 2019 വരെ ഉപയോഗിച്ചിരുന്ന ഫോണുകളും നിരീക്ഷിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും ഇദ്ദേഹത്തിന്റെ ഫോൺ നിരീക്ഷണത്തിലായിരുന്നു. രാഷ്ട്രീയത്തിലുള്ളവരോ പൊതുപ്രവർത്തകരോ അല്ലാത്ത അഞ്ച്‌ സുഹൃത്തുക്കളുടെ ഫോണുകളും നിരീക്ഷിച്ചു. രാഹുലിന്റെ സുഹൃത്തുക്കളായ അലങ്കാർ സവായ്, സച്ചിൻ റാവു എന്നിവരുടെ ഫോണുകളും നിരീക്ഷണത്തിലുണ്ട്. ഇവരിൽ ആരുടേയും ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തിയിട്ടില്ല.
40 മാധ്യമപ്രവർത്തകരുൾപ്പെടെ ഇന്ത്യയിലെ 300 പ്രമുഖരുടെ ഫോൺ നമ്പറുകൾ നിരീക്ഷണപ്പട്ടികയിലുണ്ടെന്നായിരുന്നു ഞായറാഴ്ച വന്ന വെളിപ്പെടുത്തൽ. മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന്റെ ലാബിൽ പരിശോധിച്ച വിവിധരാജ്യങ്ങളിൽനിന്നുള്ള 37 ഫോണുകളിൽ 10 എണ്ണം ഇന്ത്യയിലെ ഫോണുകളായിരുന്നു. ഈ പരിശോധനയിലൂടെയാണ് ചോർത്തൽ സ്ഥിരീകരിക്കുന്നത്.
ആർക്കുവേണ്ടിയാണ് ചോർത്തൽ എന്ന്‌ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുൾപ്പെടെ 10 രാജ്യങ്ങൾ ഈ സോഫ്റ്റ്‍വേർ വാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നതെന്ന് വെളിപ്പെടുത്തൽ നടത്തിയ മാധ്യമ കൂട്ടായ്മ പറയുന്നു.
നിരീക്ഷണം നേരിട്ട മറ്റുള്ളവർ
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മമതാ ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജി എം.പി., പ്രധാനമന്ത്രി നരേന്ദ്രമോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് അഭിപ്രായപ്പെട്ട മുൻ തിരഞ്ഞെടുപ്പ്‌ കമ്മിഷണർ അശോക് ലവാസ, വി.എച്ച്.പി. മുൻ ദേശീയ അധ്യക്ഷനും മോദി വിമർശകനുമായ പ്രവീൺ തൊഗാഡിയ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ വസുന്ധര രാജെയുടെ പേഴ്‌സണൽ സെക്രട്ടറി പ്രദീപ് അവസ്തി, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഒ.എസ്.ഡി. ആയിരുന്ന സഞ്ജയ് കൊച്രൂ, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരേ ലൈംഗികാരോപണമുന്നയിച്ച കോടതി ജീവനക്കാരി, അവരുടെ ഭർത്താവ്, സഹോദരങ്ങൾ എന്നിവരുൾപ്പെടെയുള്ളവരുടെ ഒമ്പത് ഫോൺ നമ്പറുകൾ.
PRINT

Related Keywords

India ,Israel ,New Delhi ,Delhi ,Singh Patel , ,Info Israel ,New Modi ,Forensic Overview ,Rahul Gandhi ,இந்தியா ,இஸ்ரேல் ,புதியது டெல்ஹி ,டெல்ஹி ,சிங் படேல் ,ராகுல் காந்தி ,

© 2024 Vimarsana

comparemela.com © 2020. All Rights Reserved.